ഒന്നു കെട്ടിപ്പിടിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ നമുക്കുണ്ടാകൂ; ദിവസവും കെട്ടിപ്പിടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ നോക്കാം


ഇന്ന് വാലന്റൈൻസ് വീക്കിലെ ഹ​ഗ് ഡേ ആണ്. സ്നേഹം, വാത്സല്യം, വൈകാരിക പിന്തുണ എന്നിവ പ്രകടിപ്പിക്കുന്നതിനായാണ് ഇത് ആഘോഷിക്കുന്നത്. ആലിംഗനങ്ങൾ സ്നേഹത്തിന്റെ അടയാളം മാത്രമല്ല, ബന്ധങ്ങളിൽ കരുതൽ, പിന്തുണ, അടുപ്പം എന്നിവ പ്രകടിപ്പിക്കുന്നതിനുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു മാർഗമാണ്. ഇത് പ്രണയിതാക്കൾ തന്നെ ചെയ്യണമെന്ന് നിർബന്ധമൊന്നുമില്ല. സുഹൃത്തുക്കളും കുടുംബാംഗങ്ങളും എല്ലാം ഇതിൽ പങ്കുചേരാം.

1986-ൽ അമേരിക്കയിലെ മിഷിഗണിൽ കെവിൻ സബോർണിയാണ് ഹഗ് ഡേ ആരംഭിച്ചത്. പൊതുസ്ഥലങ്ങളിൽ സ്നേഹം പ്രകടിപ്പിക്കാൻ ആളുകൾ മടിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. ഈ മടി മറികടക്കാനും സ്നേഹവും സൗഹൃദവും സ്വതന്ത്രമായി പ്രകടിപ്പിക്കാൻ ആളുകളെ അനുവദിക്കാനുമാണ് അദ്ദേഹം ഈ ദിവസം ആരംഭിച്ചത്.

ഒന്നു കെട്ടിപ്പിടിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ നമുക്കുണ്ടാകൂ. അത് ഇഷ്ടമുള്ള ആളെ ആണെങ്കിൽ അത്രയും നല്ലത്. ഒരു ആലിംഗനത്തിന് വാക്കുകൾ ആവശ്യമില്ല. യാതൊരു പ്രതീക്ഷയുമില്ലാതെ നൽകുന്ന ഒരു പിന്തുണയാണിത്. ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ, ചെറിയ കാര്യങ്ങളുടെ പ്രാധാന്യം നമ്മൾ മറക്കുന്നു. എന്നാൽ ഒരു ലളിതമായ ആലിംഗനം പോലും ഒരാളുടെ ദിവസത്തെ പ്രകാശിപ്പിക്കുകയും, പ്രയാസകരമായ സമയങ്ങളിൽ വൈകാരിക പിന്തുണ നൽകുകയും, ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. നമ്മൾ ഒറ്റയ്ക്കല്ലെന്നും, ആരെങ്കിലും നമ്മോടൊപ്പമുണ്ടെന്നും ഒരു ആലിംഗനം നമ്മെ ഓർമ്മിപ്പിക്കുന്നു.

ശാസ്ത്രീയമായി പറഞ്ഞാൽ, ആലിംഗനത്തിന് നിരവധി ഗുണങ്ങളുണ്ട്. ഗവേഷകയും രോഗപ്രതിരോധശാസ്ത്രജ്ഞയുമായ ഡോ. ലിന വെലിക്കോവയുടെ അഭിപ്രായത്തിൽ, ആലിംഗനം ‘ബന്ധന ഹോർമോണായ’ ഓക്സിടോസിൻ പുറത്തുവിടുന്നു. ഈ ഹോർമോൺ വൈകാരിക ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും സന്തോഷത്തിന്റെ വികാരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

അതേസമയം, ആലിംഗനം സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നു. ഇത് സമ്മർദ്ദം കുറയ്ക്കുകയും മനസ്സിനെ ശാന്തമാക്കുകയും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു. പതിവായി ആലിംഗനം ചെയ്യുന്നത് ഉറക്കം മെച്ചപ്പെടുത്തുകയും സമ്മർദ്ദത്തെ നേരിടാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കേവലം 30 മിനിറ്റ് പോസിറ്റീവ് ശാരീരിക സമ്പർക്കം കോർട്ടിസോളിന്റെ അളവ് 50 ശതമാനത്തോളം കുറയ്ക്കുമെന്ന് ഒരു പഠനം പറയുന്നു.

കെട്ടിപ്പിടിക്കുന്നത് സന്തോഷ ഹോർമോണുകളായ എൻഡോർഫിനുകളുടെ ഉത്പാദനത്തിന് കാരണമാകുന്നു. ഇത് വേദന (അതായത് ശാരീരികമായ – തലവേദന / ആർത്തവ മലബന്ധം, അല്ലെങ്കിൽ വൈകാരികവേദന, ഏകാന്തത എന്നിവയാകട്ടെ) കുറയ്ക്കാൻ സഹായിക്കുന്നു. സന്തോഷം, സംതൃപ്തി, ആനന്ദം എന്നിവ നൽകുന്നു. സ്ട്രെസ് ലെവലുകൾ കുറയുകയും ‘സന്തോഷമുള്ള’ ഹോർമോണുകൾ വർധിക്കുകയും ചെയ്യുന്നത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.

ഉറങ്ങുന്നതിനു മുൻപായി കെട്ടിപ്പിടിക്കുന്നത് വിശ്രമിക്കാനും അരക്ഷിതാവസ്ഥ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് നല്ല ഉറക്കം നൽകും, മാത്രമല്ല വ്യക്തികളെ വേഗത്തിൽ ഉറങ്ങാൻ സഹായിക്കുകയും ശാന്തമായ ഉറക്കം നൽകുകയും ചെയ്യുന്നു. ആലിംഗനം പങ്കാളിക്ക് കൂടുതൽ സുരക്ഷിതത്വവും കരുതലും നൽകുന്നു.



Post a Comment

Previous Post Next Post

AD01