മണ്ഡലത്തിന്റെ ഭാവി വികസന ദിശ നിർണ്ണയിക്കാൻ ‘അഴീക്കോട് വിഷൻ 2 കെ 31’ വികസന ചര്‍ച്ച സംഘടിപ്പിച്ചു. പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായുള്ള ആശയങ്ങളും പൊതുജനങ്ങളിൽ നിന്നുള്ള നിർദേശങ്ങളും ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ചര്‍ച്ചയിൽ ഭാവി അഴീക്കോടിനെ മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള ക്രീയാത്മക നിർദേശങ്ങളാണ് ഉയർന്നത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വ്യാവസായിക മേഖലകളിലെ പ്രതിനിധികൾ ചർച്ചയിൽ പങ്കാളികളായി. കഴിഞ്ഞ അഞ്ചു വർഷങ്ങളായി സർക്കാർ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ വീഡിയോ ദൃശ്യങ്ങളോടൊപ്പം കെ വി സുമേഷ് എംഎൽഎ അവതരിപ്പിച്ചു. 5962 കോടി രൂപ ചെലവിൽ 443 പദ്ധതികളാണ് ഇതിനകം നടപ്പാക്കിയതെന്ന് എം എൽ എ പറഞ്ഞു. നീർക്കടവ് മേഖലയിലെ മത്സ്യതൊഴിലാളികൾക്കായി മിനി ഫിഷ് ലാൻഡിംഗ് സെന്റർ, ചാൽ ബീച്ചിന്റെ ബ്ലൂ ഫ്ലാഗ് നേട്ടം, പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി, ചിറക്കൽ ചിറ നവീകരണം, തീരദേശ ഹൈവേ വികസനം, സർക്കാർ സ്കൂളുകളുടെ നവീകരണം, ചെറുശേരി സ്മാരക നിർമ്മാണം, കക്കുളങ്ങര പള്ളി നവീകരണം എന്നിവ ഉൾപ്പെടെ നിരവധി പദ്ധതികളുടെ പുരോഗതി എംഎൽഎ വിശദീകരിച്ചു. മലബാർ ഗ്രീൻ ഫീൽഡ് ഇന്റർനാഷണൽ തുറമുഖ പദ്ധതി സംസ്ഥാന സർക്കാർ അംഗീകരിച്ചുകഴിഞ്ഞതായും പദ്ധതി യാഥാർഥ്യമാകുന്നതോടെ ഉത്തരമലബാറിന്റെ വികസന രംഗത്ത് വൻ മുന്നേറ്റമുണ്ടാകുമെന്നും എം എൽ എ പറഞ്ഞു.
അഴീക്കൽ തുറമുഖം യാഥാർഥ്യമായാൽ വ്യവസായ മേഖലക്ക് വലിയ ഗുണം ചെയ്യുമെന്ന് വെസ്റ്റേൺ ഇന്ത്യാ മാനേജിങ് ഡയറക്ടർ മായിന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. പുതിയ തലമുറയുടെ ആരോഗ്യ സംരക്ഷണത്തിനായി അഴീക്കോട് ഫിറ്റ്നസ് സെന്ററുകൾ ആരംഭിക്കണമെന്നും വയോജനങ്ങളുടെ മാനസിക സമ്മർദം കുറയ്ക്കാൻ പഞ്ചായത്തുതലത്തിൽ ഹാപ്പിനസ് സെന്ററുകൾ തുടങ്ങണമെന്നും ശൗര്യചക്ര പി വി മനേഷ് നിർദേശിച്ചു. യുവാക്കൾക്ക് സംരംഭങ്ങൾ തുടങ്ങാൻ പിന്തുണയും മാർഗനിർദേശവും നൽകണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ മ്യൂസിയം സ്ഥാപിക്കൽ, ചെണ്ടഗ്രാമം പദ്ധതി യാഥാർഥ്യമാക്കൽ തുടങ്ങിയ നിർദേശങ്ങളും ഉയർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തൻ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് കൊല്ലൻ മോഹനൻ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ സനില, ജില്ലാ പഞ്ചായത്ത് അംഗം കെ വി ഷക്കീൽ, മുൻ എംഎൽഎമാരായ എം പ്രകാശൻ, ടി വി രാജേഷ്, എന്നിവർ സംസാരിച്ചു.
.jpg)




إرسال تعليق