കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദം: ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു; ശസ്ത്രക്രിയ ദിവസം മാത്രം ആശുപത്രിയിലെത്തും


കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദത്തിന് പിന്നാലെ സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു. ശസ്ത്രക്രിയ ദിവസം മാത്രം മെഡിക്കല്‍ കോളജില്‍ എത്തും. സമ്മതപത്ര നോട്ടീസ് പരസ്യമായി ഒട്ടിച്ചത് താന്‍ അല്ലെന്ന് കാരണം കാണിക്കല്‍ നോട്ടീസിന് ഇന്നലെ ശിവപ്രസാദ് വിശദീകരണം നല്‍കിയിരുന്നു. കോന്നി മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടി സര്‍ജറി വിഭാഗത്തില്‍ നോട്ടീസ് പതിച്ചതായിരുന്നു വിവാദങ്ങളുടെ തുടക്കം. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ഡോ. ശിവപ്രസാദ് കൈപ്പറ്റിയിരുന്നില്ല.തുടര്‍ന്ന് ഉന്നതതല നിര്‍ദ്ദേശപ്രകാരം ഇമെയില്‍ വഴി കാരണം കാണിക്കല്‍ നോട്ടീസിനു മറുപടിനല്‍കി. സമ്മതപത്രം പരസ്യമായി ഒട്ടിച്ചത് താന്‍ അല്ലെന്നും സംഭവത്തില്‍ തികച്ചും നിരപരാധിയാണെന്നുമായിരുന്നു വിശദീകരണം. തുടര്‍നടപടിക്കായി വിശദീകരണം സൂപ്രണ്ട് ഡിഎംഇക്ക് കൈമാറിയിട്ടുണ്ട്. ഇതിനിടെയാണ് ഡോക്ടര്‍ ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചത്. സമ്മതപത്രത്തില്‍ ചൂണ്ടിക്കാട്ടിയ ആക്ഷേപങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഡോക്ടറുടെ നിലപാട്. ഡോക്ടറുടെ സ്വയം വിരമിക്കല്‍ അപേക്ഷയും ആരോഗ്യവകുപ്പിന്റെ പരിഗണനയിലാണ്.ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികള്‍ ആശുപത്രിയുടെ അപര്യാപ്തതകള്‍ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നുമായിരുന്നു സര്‍ജറി വിഭാഗത്തില്‍ പതിച്ച നോട്ടീസിന്റെ ഉള്ളടക്കം.



Post a Comment

Previous Post Next Post

AD01