ശബരിമല സ്വർണമോഷണക്കേസ്: എ പത്മകുമാറിന് സ്വാഭാവിക ജാമ്യം


ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട ദ്വാരപാലക ശില്പ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ പ്രത്യേക അന്വേഷണ സംഘം നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസിൽ ഉൾപ്പെട്ട കട്ടിള പാളി മോഷണവുമായി ബന്ധപ്പെട്ട പരാതിയിൽ നേരത്തെ തന്നെ ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. എല്ലാ കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തിൽ പത്മകുമാർ ഇന്ന് ജയിൽ മോചിതനാകും. അതേസമയം, ശബരിമല സ്വർണ മോഷണക്കേസിൽ ജാമ്യം ലഭിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ക‍ഴിഞ്ഞ ദിവസം ഹാജരായിരുന്നു. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയായ വാസു, മൂന്ന് മാസത്തെ ജയിൽ വാസത്തിന് ശേഷം സ്വാഭാവിക ജാമ്യം ലഭിച്ചതിനെത്തുടർന്നാണ് ഇ ഡി നടപടി ആരംഭിച്ചത്. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണ്ണം ചെമ്പാണെന്ന് രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയത് എൻ. വാസുവാണെന്ന വിവരം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മുരാരി ബാബു, മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവരെ ഇ ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.



Post a Comment

Previous Post Next Post

AD01