തിരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം ബന്ധം വ്യക്തം: സണ്ണി ജോസഫ്


ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരെ അടിസ്ഥാന രഹിതമായ ആക്ഷേപം മുഖ്യമന്ത്രി തുടർച്ചയായി ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിൻ്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്.

പ്രധാനമന്ത്രിക്കെതിരെ ഒരക്ഷരം പറയാതെ രാഹുൽ ഗാന്ധിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ ഈ നിലപാട് സിപിഎം കേന്ദ്ര നേതൃത്വം അംഗീകരിക്കുന്നുണ്ടോ? രാഹുൽ ഗാന്ധിയുടെ ഫോട്ടോ ഉപയോഗിച്ചാണ് തമിഴ്നാട്ടിൽ സിപിഎം സ്ഥാനാർത്ഥികൾ വോട്ട് പിടിക്കുന്നതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

ബിജെപിക്കെതിരെ പ്രസംഗിച്ചതിന്റെ പേരിൽ രാഹുൽഗാന്ധിക്കെതിരെ 36 റിൽ അധികം കേസുകളാണ് രാജ്യത്തിൻറെ വിവിധ ഭാഗത്തുള്ളത്. ഇന്ത്യയുടെ മതേതര മുഖമാണ് രാഹുൽഗാന്ധി. ബിജെപിയുടെ നയങ്ങൾ എതിർക്കുന്നതിനാലാണ് രാഹുൽ ഗാന്ധിയോട് ഇത്രയ്ക്ക് വിരോധം. അദ്ദേഹത്തിൻറെ പാർലമെൻറ് അംഗത്വം റദ്ദാക്കാൻ നടത്തിയ കുൽസിത നടപടികൾ രാജ്യം കണ്ടതാണ്. ബിജെപിയുടെ വിദേശ നയം, സ്പീക്കറുടെ പക്ഷപാത നിലപാട് തുടങ്ങിയവയിലെല്ലാം രാഹുൽ ഗാന്ധിയും കോൺഗ്രസും ശക്തമായിട്ടാണ് പോരാടുന്നത്. എന്നാൽ പിണറായി വിജയൻ ബിജെപിയുമായി ചേർന്ന് ഒത്തുകളിക്കുകയാണ്. ലാവ്ലിൻ കേസ് അനന്തമായി നീണ്ടു പോകുന്നതും സ്വർണക്കള്ളക്കടത്ത് കേസ് ആവിയായതും മുഖ്യമന്ത്രിയുടെ മക്കൾക്ക് എതിരായ ഇഡി കേസ് മരവിപ്പിച്ചതും അതിനാലാണ്. പ്രധാനമന്ത്രിക്കെതിരെ ഒരക്ഷരം മിണ്ടാത്ത പിണറായി വിജയൻ ബിജെപിയെ സഹായിക്കാനാണ് രാഹുൽഗാന്ധിയെ ലക്ഷ്യം വയ്ക്കുന്നത്. ശബരിമല സ്വർണ്ണ മോഷണക്കേസിൽ സിപിഎം സ്വീകരിച്ച തെറ്റായ നയങ്ങളെയാണ് രാഹുൽഗാന്ധി വിമർശിച്ചത്. ദേശീയതലത്തിൽ ബിജെപിയെ മുഖ്യ ശത്രുവായി കണ്ടു കൊണ്ടാണ് കേരളത്തിൽ സിപിഎമ്മിന്റെ തെറ്റായ നയങ്ങളെ വിമർശിക്കുന്നത്. എന്നാൽ ബിജെപിയെ മാറ്റിനിർത്തി, രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയും കടന്നാക്രമിക്കുന്ന രീതിയാണ് സിപിഎം സ്വീകരിക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ സിപിഎം ബിജെപിയുമായി ധാരണ ഉണ്ടാക്കിയിരിക്കുകയാണ്. അതിശക്തനായ സ്ഥാനാർത്ഥിയാണ് യുഡിഎഫ് അവിടെ നിർത്തിയിരിക്കുന്നത്. ഇതിനോടകം രമേഷ് പിഷാരടിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിക്ക് പ്രകടമായ ഉദാഹരണമാണ് സാധാരണക്കാരനായ സിപിഎം പ്രവർത്തകൻ പൊതുവേദിയിൽ വെച്ച് ചോദ്യം ഉന്നയിച്ചപ്പോൾ വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞ രീതിയെന്നും സണ്ണി ജോസഫ് പറഞ്ഞു. യഥാർത്ഥ പിണറായി വിജയനാണ് ഇതിലൂടെ പുറത്തു ചാടിയത്. ആളുകളെ അധിക്ഷേപിക്കുന്നത് പിണറായി വിജയൻറെ പതിവ് ശൈലിയാണ് .മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞതും ബിഷപ്പിനെ നികൃഷ്ടജീവി എന്ന് വിളിച്ചതും എൻ കെ പ്രേമചന്ദ്രനെയും ജി സുധാകരനെയും അധിക്ഷേപിച്ചതും അതേ ശൈലിയിലാണ്. 

കെ സുധാകരനുമായി സഹോദര തുല്യമായ സ്നേഹമാണുള്ളത്.അദ്ദേഹത്തിന് തന്നെക്കുറിച്ച് നല്ല ധാരണയാണുള്ളത്.എല്ലായിടത്തും കെ സുധാകരൻ പ്രചാരണത്തിനിറങ്ങും.അദ്ദേഹത്തിൻറെ പിന്തുണ തന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Post a Comment

أحدث أقدم

AD01