പെസഹായ്ക്ക് അപ്പം ഉണ്ടാക്കേണ്ടേ ? റെസിപ്പി ഇതാണേ നോക്കിവെച്ചോ…


വിശുദ്ധവാരത്തിന് ആരംഭമായിരിക്കുന്നു. ശുദ്ധ വാരത്തിലെ അഞ്ചാം ദിവസമാണ് പെസഹ വ്യാഴാഴ്ച. യേശുക്രിസ്തു തന്റെ അപ്പോസ്തലന്മാരോടൊത്തുണ്ടായിരുന്ന അവസാന അത്താഴത്തെയാണ് പെസഹ അനുസ്മരിക്കുന്നത്. ക്രിസ്ത്യാനികൾക്ക് ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. യേശുവിന്റെ അവസാനത്തെ അത്താഴവിരുന്ന് വരളെ ആഘോഷത്തോടെയാണ് കൊണ്ടാടുന്നത്. പെസഹാ അപ്പവും പാലും വളരെ സ്പെഷ്യൽ തന്നെയാണ്. പെസഹ അടുത്തിരിക്കുന്ന നാളിൽ പെസഹാ അപ്പം ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. ഒരു കപ്പ് പച്ചരി എന്ന അളവിൽ എടുക്കാം, അത് 3-4 മണിക്കൂർ കുതിർത്ത് വെയ്ക്കുക. കാൽ കപ്പ് ഉഴുന്ന് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്ത ശേഷം തരിതരിപ്പായി പൊടിച്ചെടുക്കുക. കുതിർത്ത പച്ചരി അല്പം വെള്ളം ചേർത്ത് ചെറിയ തരിയായി അരച്ചെടുക്കണം. പിന്നീട്, ഒരു ടീസ്പൂൺ ജീരകം, അഞ്ച് ചുവന്നുള്ളി, മൂന്ന് വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക. ഇതിലേയ്ക്ക് രണ്ടര കപ്പ് തേങ്ങ ചേർത്ത് വീണ്ടും ഒന്ന് ചതച്ചെടുക്കുക (തേങ്ങ ഒരുപാട് അരഞ്ഞു പോകരുത്)

അരച്ച അരിയും തേങ്ങാ മിശ്രിതവും ഉഴുന്ന് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നല്ലതുപോലെ യോജിപ്പിക്കുക. മാവ് അധികം വെള്ളം പോലെയാകാൻ പാടില്ല. തയ്യാറാക്കിയ മാവ് 10 മിനിറ്റ് വെച്ച ശേഷം എണ്ണ തടവിയ പാത്രത്തിലേക്ക് മാറ്റുക.

പെസഹ ദിനത്തിൽ ഇതിന്റെ നടുവിൽ കുരുത്തോല കൊണ്ട് കുരിശ് വെക്കണം. ഇത് ഇഡ്ഡലി പാത്രത്തിൽ വെച്ച് ഏകദേശം 20 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക.

പെസഹ പാൽ തയ്യാറാക്കുന്ന വിധം

100 ഗ്രാം ശർക്കര അര കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് രണ്ടാം പാൽ ചേർത്ത് ലോ ഫ്ലെയിമിൽ ചൂടാക്കുക. ഇത്, ഒന്നര ടേബിൾസ്പൂൺ വറുത്ത അരിപ്പൊടി കാൽ കപ്പ് തേങ്ങാപ്പാലിൽ കലക്കി ശർക്കര മിശ്രിതത്തിലേക്ക് ഒഴിക്കുക, ഇത് തുടർച്ചയായി ഇളക്കി കുറുക്കി എടുക്കണം.

ഇതിലേക്ക് അര ടീസ്പൂൺ ഏലക്കാപ്പൊടി, കാൽ ടീസ്പൂൺ ജീരകപ്പൊടി, കാൽ ടീസ്പൂൺ ചുക്കുപൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് ഇളക്കിയെടുക്കാം.

അവസാനമായി അര കപ്പ് ഒന്നാം പാൽ ചേർത്ത് ഒന്ന് ചൂടാകുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യുക (പാൽ തിളച്ചു പോകരുത്). താൽപ്പര്യമുണ്ടെങ്കിൽ ഇതിലേക്ക് ഞാലിപ്പൂവം പഴം അരിഞ്ഞതും ചേർക്കാവുന്നതാണ്.



Post a Comment

أحدث أقدم

AD01