അമേരിക്കയെ ലക്ഷ്യം വെയ്ക്കാൻ ശേഷിയുള്ള മിസൈൽ എഞ്ചിൻ പരീക്ഷിച്ച് കിം ജോങ് ഉൻ: റിപ്പോർട്ട്


സോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പുതിയ മിസൈൽ എഞ്ചിൻ പരീക്ഷിച്ചതായി റിപ്പോർട്ട്. രാജ്യത്തിന്റെ തന്ത്രപരമായ സൈനിക ശേഷി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി അത്യാധുനിക മിസൈൽ പരീക്ഷണമാണ് കിം ജോങ് ഉൻ നടത്തിയത്. പുതിയ മിസൈൽ പരീക്ഷണങ്ങൾക്ക് ശേഷം കിം ജോങ് ഉൻ രാജ്യത്തെ പ്രശംസിച്ച് അഭിസംബോധന ചെയ്തതായും റിപ്പോർട്ടുണ്ട്. കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. അമേരിക്കയെ ലക്ഷ്യം വെയ്ക്കാൻ ശേഷിയുള്ള മിസൈൽ എഞ്ചിനാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. അമേരിക്കയുടെ ഭൂപ്രദേശം വരെ എത്താൻ കഴിയുന്ന മിസൈലുകളുടെ ആയുധശേഖരം വികസിപ്പിക്കാനും നവീകരിക്കാനുമാണ് കിം ജോങ് ഉൻ്റെ നീക്കം. ഇതിന് മുന്നോടിയായി ആണ് ഇപ്പോൾ മിസൈൽ പരീക്ഷണം നടത്തിയതെന്നാണ് റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയെ അപലപിച്ച് കിം ജോങ് ഉൻ ഉത്തരകൊറിയൻ പാർലമെൻ്റിൽ പ്രസ്താവന നടത്തിയിരുന്നു. യുഎസ് ഭീകരവാദവും ആക്രമണവും അഴിച്ചുവിടുന്നെന്നാണ് കിം ആരോപിച്ചത്. അതോടൊപ്പം ശത്രുരാജ്യങ്ങൾക്ക് തിരിച്ചടിക്കാൻ കഴിയാതെവിധം രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദേഹം കൂട്ടിച്ചേർത്തു. ആണവായുധങ്ങൾ ശക്തിപ്പെടുത്തണമെന്നും കിം ചൂണ്ടികാട്ടിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഉത്തരകൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം റിപ്പോർട്ട് ചെയ്തത്. യുഎസ് പ്രതിരോധത്തെ പരാജയപ്പെടുത്താനുള്ള മിസൈൽ പരീക്ഷണമാണ് നടന്നത്. ഉത്തരകൊറിയയുടെ അഞ്ച് വർഷ സൈനിക പദ്ധതിയുടെ ഭാഗമായാണ് പരീക്ഷണങ്ങൾ.



Post a Comment

أحدث أقدم

AD01