ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. 2023 ലെ ഐസിഎംആർ-ഇൻഡ്യാബ് പഠന റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 101 ദശലക്ഷം ആളുകൾക്ക് പ്രമേഹമുണ്ടെന്നും 136 ദശലക്ഷം പേർ പ്രീഡയബറ്റീസ് ഉള്ളവരാണെന്നും കണ്ടെത്തി. വരും വർഷങ്ങളിൽ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
പ്രമേഹരോഗികൾ വലിയ മാറ്റങ്ങളാണ് അവരുടെ ഭക്ഷണക്രമത്തിൽ വരുത്താറുള്ളത്. പല ഭക്ഷണങ്ങളും രോഗം കാരണം അവർക്ക് ഒഴിവാക്കേണ്ടി വരുന്നു. മധുരം ഉള്ളതിനാൽ പഴവർഗ്ഗങ്ങൾ ഒന്നും കഴിക്കാൻ പാടില്ല എന്ന ഒരു തെറ്റിധാരണ പൊതുവെ പ്രമേഹരോഗികൾക്കിടയിൽ ഉണ്ട്. പക്ഷെ എല്ലാ പഴങ്ങളും ഇത്തരത്തിൽ ഒഴിവാക്കേണ്ടതില്ലെന്ന് വിദഗ്ധർ പറയുന്നു. കാരണം, ഒരു പഴത്തിൻ്റെ മധുരമല്ല, മറിച്ച് അതിന്റെ ഗ്ലൈസെമിക് ഇൻഡക്സ്, ഗ്ലൈസെമിക് ലോഡ്, അതിലടങ്ങിയിരിക്കുന്ന നാരുകളുടെ അളവ്, ഫ്രക്ടോസ് കോൺസെൻട്രേഷൻ, നമ്മൾ കഴിക്കുന്ന പഴത്തിന്റെ അളവ് എന്നിവയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിർണ്ണയിക്കുന്നതെന്ന് എൻഡോക്രൈനോളജിസ്റ്റ് അഭിപ്രായപ്പെടുന്നു. അതിനാൽ മധുരമുള്ള എല്ലാ പഴങ്ങളും പ്രമേഹമുള്ളവർക്ക് ഒരുപോലെ ഹാനികരമല്ല. വലിയ തോതിൽ ചില പഴങ്ങൾ കഴിക്കുന്നത് ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകും. മാമ്പഴം, ഒരു ചെറിയ സപ്പോട്ട, 10 മുതൽ 12 എണ്ണം വരെ അളവിൽ മുന്തിരിങ്ങ, ഒരു ചെറിയ പഴുത്ത പഴം എന്നിവയിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുതലാണ്. അതിനാൽ ഇത്തരം പഴങ്ങൾ കഴിക്കുമ്പോൾ അളവ് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പേരക്ക, ആപ്പിൾ, പിയർ, ഓറഞ്ച്, പപ്പായ, കിവി പോലുള്ള പഴങ്ങൾ നിശ്ചിത അളവിൽ കഴിക്കാവുന്നതാണ്. പേടിച്ചുകൊണ്ട് പഴങ്ങൾ ഉപേക്ഷിക്കുകയല്ല പ്രമേഹരോഗികൾ ചെയ്യേണ്ടത്. പഴങ്ങൾ എങ്ങിനെ കഴിക്കാം എന്നതിനെകുറിച്ച് മനസ്സിലാക്കുകയാണ് വേണ്ടതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Post a Comment