ആകാശപ്രേമികൾക്ക് സന്തോഷവാർത്ത; യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഞായറാഴ്ച 'ബ്ലൂ മൂൺ' ദൃശ്യമാകും


ആകാശപ്രേമികൾക്ക് ദൃശ്യ വിരുന്നൊരുക്കിക്കൊണ്ട് മേയ് 31-ന് ഈ വർഷത്തെ ഏറ്റവും അപൂർവമായ ചാന്ദ്ര പ്രതിഭാസങ്ങളിലൊന്നായ 'ബ്ലൂ മൂൺ' ദൃശ്യമാകും. യുഎഇ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ അപൂർവ പ്രതിഭാസം ദർശിക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രലോകവും ആകാശനിരീക്ഷകരും. മേയ് 30 ശനിയാഴ്ച രാത്രി മുതൽ തന്നെ ചന്ദ്രൻ പൂർണ്ണരൂപത്തിൽ ദൃശ്യമായിത്തുടങ്ങും. മേയ് 31 ഞായറാഴ്ച പുലർച്ചെ 3:45-ഓടെ ചന്ദ്രൻ അതിന്റെ പരമാവധി വെളിച്ചെത്തിൽ എത്തിച്ചേരുമെന്നും ജ്യോതിശാസ്ത്രജ്ഞർ വ്യക്തമാക്കി. ഒരു കലണ്ടർ മാസത്തിൽ തന്നെ രണ്ട് പൗർണ്ണമി (വെളുത്ത വാവ്) വരികയും അതിലെ രണ്ടാമത്തെ പൂർണ്ണചന്ദ്രനെ 'ബ്ലൂ മൂൺ' എന്ന് വിളിക്കുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസം. അമേരിക്കൻ വെബ്സൈറ്റായ 'സ്പേസ് ഡോട്ട് കോം' പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, അതത് പ്രദേശങ്ങളിലെ പ്രാദേശിക സമയം പുലർച്ചെ സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള സമയമായിരിക്കും ഈ ചാന്ദ്രവിസ്മയം കാണാൻ ഏറ്റവും അനുയോജ്യമായുള്ളത്. മേയ് 31 പുലർച്ചെയാണ് ചന്ദ്രൻ അതിന്റെ പൂർണ്ണ വെളിച്ചത്തിൽ എത്തുന്നതെങ്കിലും ഇതിന് തൊട്ടുമുമ്പുള്ള രാത്രിയിൽ (മേയ് 30) തന്നെ ചന്ദ്രൻ പരമാവധി പ്രകാശത്തിലേക്ക് അടുക്കുന്നതിനാൽ ആകാശനിരീക്ഷകർക്ക് ഏറ്റവും വ്യക്തമായ ദൃശ്യങ്ങൾ ഈ രാത്രിയിൽ ആസ്വദിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 'ബ്ലൂ മൂൺ' എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും ചന്ദ്രൻ യഥാർത്ഥത്തിൽ നീലനിറത്തിൽ ദൃശ്യമാകില്ല. ഈ പ്രതിഭാസത്തിന്റെ അപൂർവതയെ സൂചിപ്പിക്കാനാണ് 'ബ്ലൂ മൂൺ' എന്ന പേര് ഉപയോഗിക്കുന്നത്. സാധാരണയായി ഒരു സീസണിൽ മൂന്ന് പൂർണ്ണചന്ദ്രന്മാരാണ് ഉണ്ടാകാറുള്ളത്. എന്നാൽ അപൂർവമായി ഒരു സീസണിൽ നാല് പൂർണ്ണചന്ദ്രന്മാർ ഉണ്ടായാൽ, അതിലെ മൂന്നാമത്തെ പൂർണ്ണചന്ദ്രനെയാണ് 'സീസണൽ ബ്ലൂ മൂൺ' എന്ന് വിശേഷിപ്പിക്കുന്നത്.



Post a Comment

Previous Post Next Post

AD01