കുടുങ്ങിക്കിടക്കുന്നത് 800ഓളം കപ്പലുകള്‍; നാവിക ഇടനാഴി തുറന്ന് ഒമാന്‍

 

ഇറാനുമായി സഹകരിച്ച് ഹോര്‍മൂസ് കടലിടുക്കില്‍ നാവിക ഇടനാഴി തുറന്ന് ഒമാന്‍. കപ്പലുകള്‍ക്ക് സുരക്ഷിത പാതയൊരുക്കാനാണ് ഇടനാഴി. ഐഎംഒ(ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍) യുമായി സഹകരിച്ചാണ് പദ്ധതി. എണ്ണൂറോളം കപ്പലുകളാണ് ഹോര്‍മൂസില്‍ കുടുങ്ങിക്കിടക്കുന്നത്. കപ്പലുകളെയും നാവികരെയും ഒഴിപ്പിക്കുന്നതിനാണ് നടപടിയുമായി ഒമാന്‍ രംഗത്തെത്തിയത്.

താത്കാലിക ഇടനാഴി ഉപയോഗിക്കാന്‍ താത്പര്യമുള്ള കപ്പലുകള്‍ ഐഎംഒയുടെ നിർദേശങ്ങള്‍ പാലിക്കണമെന്നും ഒമാന്‍ അറിയിച്ചിട്ടുണ്ട്. ഹോര്‍മൂസിന് ആഗോള വ്യാപാരം, ആഗോള ഊര്‍ജ ഗതാഗതം എന്നിവയിലുള്ള പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഒമാന്‍ വ്യക്തമാക്കി. ഇറാനും യുഎസും തമ്മില്‍ ധാരണയായ കരാറിനെ അടിസ്ഥാനമാക്കിയാണ് ഇത്തരം ഒരു നീക്കം നടത്തിയതെന്നും ഒമാന്റെ പ്രസ്താവനയിലുണ്ട്.ഇതിനിടെ ഇറാനില്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് യു.എസ് സെനറ്റില്‍ പ്രമേയം പാസായിട്ടുണ്ട്. ഒരു ഡെമോക്രാറ്റ് അംഗം ഒഴികെ പാര്‍ട്ടിയിലെ ബാക്കിയെല്ലാവരും പ്രമേയത്തെ പിന്തുണച്ചു. രണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ജൂണ്‍ മൂന്നിന് 208ന് എതിരെ 215 വോട്ടുകള്‍ക്ക് പ്രതിനിധി സഭയും പ്രമേയം അംഗീകരിച്ചിരുന്നു. ഇറാനുമായുള്ള സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇരുസഭകളും പാസാക്കുന്ന ആദ്യത്ത യുദ്ധാധികാര പ്രമേയമാണിത്.

കണ്‍കറന്റ് പ്രമേയമായിട്ടാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. കണ്‍കറന്റ് പ്രമേയത്തിന് സവിശേഷമായ ഭരണഘടനാ പദവിയുണ്ട്. പ്രസിഡന്റിന്റെ അടുത്തേക്ക് ഈ പ്രമേയം എത്താതെ പാസാക്കാന്‍ കഴിയും. അതായത് ട്രംപിന് പ്രമേയം ഔദ്യോഗികമായി വീറ്റോ ചെയ്യാന്‍ കഴിയില്ല. എന്നിരുന്നാലും വൈറ്റ് ഹൗസിന് നിയമപരമായി എതിര്‍ക്കാന്‍ സാധിക്കും. ഇതിനെതിരെ വിമര്‍ശനവുമായി ട്രംപ് രംഗത്തത്തിയിട്ടുണ്ട്. അര്‍ത്ഥശൂന്യമായ നടപടിയിലൂടെ സെനറ്റര്‍മാര്‍ തന്റെ ജോലി ബുദ്ധിമുട്ടിലാക്കുന്നുവെന്നാണ് ട്രംപ് പ്രതികരിച്ചത്.


Post a Comment

0 Comments