ദൃഢം സിനിമ എന്റെ ‘കരിങ്കുടി പൊലീസ് സ്റ്റേഷന്‍’ എന്ന ചെറുകഥ മോഷ്ടിച്ചത്; ഭൂതകാലം തന്റെ അനുഭവ കഥയുടെ മോഷണം; ആരോപണവുമായി ആര്‍ ശ്രീലേഖ

 


ഷെയ്ന്‍ നിഗം നായകനായ ദൃഢം, ഭൂതകാലം എന്നീ സിനിമകള്‍ തന്റെ കഥകള്‍ മോഷ്ട്ടിച്ചുണ്ടാക്കിയതാണെന്ന ആരോപണവുമായി തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍ ശ്രീലേഖ. താന്‍ കുറേ നാളുകള്‍ക്ക് മുന്‍പ് മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘ കരിങ്കുടി പൊലീസ് സ്റ്റേഷന്‍’ എന്ന ചെറുകഥ മോഷ്ടിച്ചതാണ് ദൃഢത്തിന്റെ മൂലകഥ എന്ന് പറഞ്ഞാല്‍ ഒരു തെറ്റുമില്ലെന്ന് ശ്രീലേഖ പറയുന്നു. തന്റെ യൂട്യൂബ് ചാനലില്‍ ശ്രവ്യകഥയായി ഇത് അവതരിപ്പിച്ചതിന്റെ ലിങ്കും ശ്രീലേഖ പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.തന്റെ ചാനലില്‍ മൂന്ന് വര്‍ഷം മുന്‍പ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് ‘ഭൂതകാലം’ എന്ന സിനിമയെന്നും അവര്‍ പറയുന്നു. തലക്കെട്ടിലെ സാമ്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ‘ഭൂത ഭവനം’ എന്നായിരുന്നു ഞാന്‍ ആ കഥക്കിട്ട പേര് – അവര്‍ ചൂണ്ടിക്കാട്ടി.

കുറിപ്പിന്റെ പൂര്‍ണരൂപം:

‘ദൃഢം’ (Dridam) എന്ന സിനിമ കണ്ടു. പൊലീസ് കഥയായത് കൊണ്ടും കാണാന്‍ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാന്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘കരിങ്കുടി പോലീസ് സ്റ്റേഷന്‍’ എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാല്‍ ഒരു തെറ്റുമില്ല.

ഈ കഥ ഞാന്‍ എന്റെ യൂട്യൂബ് ചാനലില്‍ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്. കഥ വായിച്ചിട്ടില്ലാത്തവര്‍ക്കായി link താഴെ കൊടുക്കുന്നു.എന്റെ ചാനലില്‍ 3 വര്‍ഷം മുന്‍പ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് ‘ഭൂതകാലം’ എന്ന പല അവാര്‍ഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. ‘ഭൂത ഭവനം’ എന്നായിരുന്നു ഞാന്‍ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ.ഈ രണ്ടു സിനിമകളും തമ്മില്‍ മറ്റൊരു കണക്ഷന്‍ ഉണ്ട്. രണ്ടിലെയും നായകന്‍ ‘ഷെയിന്‍ നിഗം’ ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോള്‍ മുതല്‍ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാന്‍ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പൊലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാന്‍. പ്രത്യേകിച്ച് ദൃഡം എന്ന സിനിമയില്‍, പൊലീസ് വേഷത്തില്‍.

എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ് എന്ന പൊലീസുദ്യോഗസ്ഥനാണ് കക്ഷി.


إرسال تعليق

0 تعليقات