യുദ്ധവെറിയിൽ ജീവനറ്റ നിഷ്കളങ്ക ബാല്യം: ഹിന്ദ് റജബ്, ലോകകപ്പ് ഗാലറികളെ നിശ്ശബ്ദമാക്കി ആ പേര് വീണ്ടും ഉയർന്നു

 

ആർത്തുവിളിക്കുന്ന ലോകകപ്പ് ഗാലറികളെ നിശ്ശബ്ദമാക്കിക്കൊണ്ട് ആ പേര് വീണ്ടും ഉയരുകയാണ്. യുദ്ധവെറിയിൽ ജീവനറ്റ നിഷ്കളങ്ക ബാല്യത്തിന്റെ പേരാണ്, ഹിന്ദ് റജബ്. മനുഷ്യമനസാക്ഷിക്കേറ്റ വലിയ മുറിവാണവൾ. ഇരുട്ടു വീഴുന്നു,രാത്രിയാകുന്നു, എന്നെ ഇവിടെ നിന്നൊന്ന് കൊണ്ടുപോകുമോ. കലങ്ങിയ കണ്ണുകളും വിറച്ച ചുണ്ടുകളുമായി, അവൾ ലോകത്തോട് ചോദിച്ച അവസാന ചോദ്യമായിരുന്നു അത്.ചുറ്റും പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ. ചോരയുറഞ്ഞുപോയ ആ കാറിലിരുന്ന്, ആ ആറുവയസ്സുകാരി ജീവനായി കരഞ്ഞപ്പോൾ ലോകത്തിന്റെ മനസ്സാക്ഷി ഒന്നുലഞ്ഞതാണ്. രക്ഷാപ്രവർത്തകർ ഓടിയെത്തും മുൻപേ, ചോരക്കൊതി തീരാത്ത ഇസ്രയേൽ സൈന്യം ആ പിഞ്ചോമനയുടെ നെഞ്ചിലേക്ക് വെടിയുണ്ടകൾ പായിച്ചു. വെടിയൊച്ചകൾ നിലയ്ക്കാത്ത ഗസ്സയുടെ മണ്ണിൽ നിന്ന് ജീവനും കൊണ്ട് ഓടിയതാണ് ആ കുടുംബം. സഹായത്തിനായി ഫോണിൽ കരഞ്ഞ ഹിന്ദിന്റെ ശബ്ദം ഇന്നും ലോകത്തിന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്.

ഗോളാരവങ്ങൾ മുഴങ്ങുന്ന ലോകകപ്പിന്റെ മൈതാനങ്ങളിൽ ആ പേര് ഒരു വിലാപകാവ്യമായി പെയ്തിറങ്ങുകയാണ്.വിനോദത്തിനപ്പുറം, ഫുട്ബോൾ മനുഷ്യത്വത്തിന്റെ പക്ഷം ചേരലാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്. ഹിന്ദ് റജബ് ലോകകപ്പ് ഗാലറികളിൽ ഒരു വിങ്ങലായി പുനർജനിക്കുകയാണ്. ഇഷ്ട ടീമിനായി ഗാലറികൾ ആർത്തുവിളിക്കുമ്പോൾ ഹിന്ദിന്റെ പേരെഴുതിയ ജഴ്സികൾ കാണുമ്പോൾ ഒരു നിമിഷമെങ്കിൽ ഒരു നിമിഷം അവർ ഫലസ്തീനിൽ കൊല്ലപ്പെട്ട് ആയിരകണക്കിന് കുഞ്ഞുങ്ങളെ ഓർത്തുകാണും. ലോകം ഉറ്റുനോക്കുന്ന കാൽപന്ത് വേദിയിൽ ഹിന്ദ് റജബ് എന്ന പേര് ഉയരുമ്പോൾ അത് ചരിത്രത്തിന്റെ വലിയൊരു വിചാരണയായി മാറുകയാണ്. വെയർ ദി പീസ് എന്ന സംഘടനയാണ് ഹിന്ദിന്റെ പേരിലുള്ള ജഴ്സികൾ പുറത്തിറക്കിയത്.



Post a Comment

0 Comments