സൗദിയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസം; ഉച്ചസമയത്തെ ജോലി വിലക്ക് നിലവില്‍ വന്നു

 

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസമേകി ഉച്ചസമയത്തെ ജോലി വിലക്ക് നിലവില്‍ വന്നു. ഇന്ന് മുതല്‍ സെപ്റ്റംബര്‍ പതിനഞ്ചാം തീയതി വരെയുള്ള മൂന്ന് മാസത്തേക്കാണ് കടുത്ത വെയിലത്തുള്ള ജോലിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഉത്തരവിറക്കിയത്.കടുത്ത വേനല്‍ ചൂടില്‍ നിന്നും തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യയില്‍ ഉച്ചസമയത്തെ ജോലി വിലക്ക് പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് എല്ലാ ദിവസവും ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേറ്റുള്ള ജോലികള്‍ ചെയ്യിക്കാന്‍ പാടില്ല. സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. കടുത്ത ചൂട് കാരണം തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും അപകടങ്ങളും ഒഴിവാക്കാനാണ് മന്ത്രാലയത്തിന്റെ ഈ നടപടി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ നിയമം വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. 2025-ല്‍ രാജ്യത്തെ തൊണ്ണൂറ്റി നാല് ശതമാനം കമ്പനികളും ഈ നിയമം കൃത്യമായി പാലിച്ചിരുന്നു.കമ്പനികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബുക്ക്‌ലെറ്റും മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കര്‍ശനമായ പരിശോധനകള്‍ രാജ്യത്ത് നടക്കും. നിയമം ലംഘിച്ച് ഉച്ചസമയത്ത് വെയിലത്ത് ജോലി ചെയ്യിക്കുന്ന കമ്പനികള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ 19911 എന്ന നമ്പറിലോ മൊബൈല്‍ ആപ്പ് വഴിയോ പരാതി നല്‍കാവുന്നതാണ്.




إرسال تعليق

0 تعليقات