സിന്ധു നദീജല കരാർ നിർത്തിവയ്ക്കാനുള്ള തീരുമാനത്തിൽ യാതൊരുവിധ മാറ്റവുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെ, പ്രകോപനപരമായ പ്രസ്‌താവനയുമായി പാകിസ്‌താൻ. തങ്ങളുടെ ദേശീയ സുരക്ഷയും അതിന്റെ ഭാഗമായ ജലസുരക്ഷയും അപകടത്തിലാണെന്ന് ബോധ്യപ്പെടുന്ന നിമിഷം ഇന്ത്യയ്ക്കെതിരെ യുദ്ധത്തിന് ഇറങ്ങുമെന്ന പരസ്യമായ ഭീഷണിയാണ് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുഴക്കിയിരിക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ എആർവൈ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇന്ത്യയെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ട് പാക് പ്രതിരോധ മന്ത്രി രംഗത്തെത്തിയത്. പാകിസ്താനിലേക്കുള്ള ജലവിതരണം തടസപ്പെടുത്താൻ ഇന്ത്യ അസാധാരണമായ വേഗതയിൽ നീങ്ങുന്നുവെന്നതിന് കൃത്യമായ തെളിവ് ലഭിച്ചാൽ, ഇന്ത്യയ്ക്കെതിരെ ശക്തമായ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും അതിൽ തങ്ങൾക്ക് യാതൊരുവിധ സംശയവുമില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. അണുശക്തി രാജ്യങ്ങളായ ഇരുപക്ഷവും തമ്മിലുള്ള ഈ തർക്കം ഏഷ്യൻ മേഖലയിൽ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.






0 تعليقات