സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

 

ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി വിളിച്ചു ചേർത്ത ജില്ലാ കളക്ടർമാരുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും യോഗം അവസാനിച്ചു.വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചു.വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സർക്കാർ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കും.ഷിഗെല്ല ഉൾപ്പെടെയുള്ള മറ്റ് പകർച്ചവ്യാധികൾ തടയുന്നതിനൊപ്പം ഡെങ്കിപ്പനി പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി നിർദേശം നൽകി.

അതേസമയം, സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്തെ പ്രതിദിന പകർച്ചപ്പനി ബാധിതരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി പന്ത്രണ്ടായിരത്തിനും പതിമൂവായിരത്തിനും മുകളിലാണ്.പകർച്ചപ്പനി ബാധിച്ച് ഇന്നലെ ആശുപത്രികളിൽ ചികിത്സ തേടിയത് 13,196 പേർ . മലപ്പുറത്താണ് പനി വ്യാപനം കൂടുതൽ.പ്രതിദിന ഡെങ്കിപ്പനി ഷിഗെല്ല എലിപ്പനി മഞ്ഞപ്പിത്തം,മലേറിയ ബാധിതരുടെ എണ്ണവും ഉയർന്നു തന്നെ.

ഇന്നലെ ഷിഗെല്ല സ്ഥിരീകരിച്ചത് എട്ടുപേർക്കാണ്. 52 പേർക്ക് ഡെങ്കിപ്പനി, 85 പേർക്ക് ചിക്കൻപോക്സ്, 11 പേർക്ക് എലിപ്പനി,മലേറിയ അഞ്ച് പേർക്കും ഇന്നലെ സ്ഥിരീകരിച്ചു.കോഴിക്കോട് വളയത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് ഇന്ന് മലേറിയ സ്ഥിരീകരിച്ചു. 22 പേർക്ക് മഞ്ഞപ്പിത്തവും രണ്ടുപേർക്ക് ടൈഫോയിഡും ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരവും ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്.ഒരു മഞ്ഞപ്പിത്ത മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.പാലക്കാട് കരിമ്പുഴ സ്വദേശി ജിജോ മോഹൻ ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പാലക്കാട് ജില്ലയിൽ അഞ്ച് പേരാണ് ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുന്നതിനായ ജില്ലാ കളക്ടർമാരുടെയും ഡിഎംഒമാരുടെയും ഓൺലൈൻ യോഗം ആരോഗ്യ മന്ത്രി കെ മുരളീധരൻ വിളിച്ചു ചേർത്തു. പകർച്ചവ്യാധിയെ പ്രതിരോധത്തിനായി തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാൻ രൂപീകരിക്കാനാണ് തീരുമാനം. ഈ മാസം ഇതുവരെ 79 പേർക്ക് ഷിഗെല്ലയും 924 പേർക്ക് ഡെങ്കിപ്പനിയും, 41 പേർക്ക് മലേറിയയും, 1343 പേർക്ക് ചിക്കൻപോക്സും, 363 പേർക്ക് മഞ്ഞപ്പിത്തവും, 130 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.



إرسال تعليق

0 تعليقات