'പറയുന്നത് ഒന്ന്, മനസിൽ വേറെ ഒന്ന്; കഴിഞ്ഞ ദിവസം സബ്മിഷൻ വന്നപ്പോൾ കണ്ടാതാണ്'; വി ഡി സതീശനെതിരെ കെ എൻ ബാലഗോപാൽ


തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയില്‍ മുഖ്യമന്ത്രി വി ഡി സതീശനും സര്‍ക്കാരിനുമെതിരെ കെ എന്‍ ബാലഗോപാല്‍ എംഎല്‍എ. ഉത്തരവാദിത്വം മുഴുവന്‍ മുന്‍ സര്‍ക്കാന്റേത് എന്ന തരത്തില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മുന്‍ സര്‍ക്കാര്‍ അത്തരത്തില്‍ ഒരു അനുവാദവും നല്‍കിയിട്ടില്ല. വീര്യം കുറഞ്ഞ മദ്യത്തിലെ ഒരു വിഭാഗത്തെ പ്രോത്സാഹിപ്പിച്ചു. അത് കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ആണെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ വിഷയം കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കും എന്നാണ് പറയുന്നത്. എന്നാല്‍ നിലവില്‍ ബില്‍ പാസാക്കാനുള്ള നീക്കം നടക്കുകയാണ്. ബില്‍ പാസാക്കിയാല്‍ ഇത് നടപ്പാക്കാന്‍ പാടില്ല. പിന്നെ എന്തിനാണ് ചര്‍ച്ച?. മുന്‍ സര്‍ക്കാരിന്റെ കാലത്തും ചര്‍ച്ച ഉണ്ടായി. എന്നാല്‍ വില്‍ക്കാന്‍ അനുവാദം നല്‍കിയില്ല. അതുകൊണ്ട് തന്നെയാണ് നികുതി നിശ്ചയിക്കാതെ ഇരുന്നതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇപ്പോള്‍ വാദി പ്രതിയായ സ്ഥിതിയാണ്. പറയുന്നത് ഒന്ന്, മനസില്‍ വേറെ ഒന്ന് എന്നതാണ് സ്ഥിതി. കഴിഞ്ഞ ദിവസം ഒരു സബ്മിഷന്‍ നടന്നപ്പോള്‍ അത് കണ്ടതാണ്. എങ്ങനെയും കോര്‍പ്പറേറ്റുകളെ സഹായിക്കും എന്ന തരത്തിലാണ് നീക്കം. ഇത് നാടിന് അപകടമാണെന്നും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. ധനകാര്യ ബില്ല് വന്നുകഴിഞ്ഞാല്‍ പിന്നെ ചര്‍ച്ചകൊണ്ട് കാര്യമില്ല. സര്‍ക്കാര്‍ പല കാര്യങ്ങളും സ്ഥിരീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പ്രതിസന്ധി സംബന്ധിച്ചും കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. അവിശ്വാസത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് തീരുമാനം എടുക്കേണ്ടതുണ്ട്. ഉചിതമായ തീരുമാനം ഉടന്‍ എടുക്കും. പ്രായോഗിക കാര്യങ്ങള്‍ കൂടി കണക്കിലെടുത്ത് തീരുമാനം ഉണ്ടാകും. യുഡിഎഫ് സമീപനം എന്താണ് എന്ന് അറിയില്ല. അപ്പോഴും ബിജെപിക്ക് എതിരെ ആത്മാര്‍ത്ഥമായ ഒരു സമീപനം യുഡിഎഫ് എടുക്കാറില്ലെന്നും കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.



Post a Comment

0 Comments