സൗദിയിലെ ദമാമിൽ വാഹനാപകടം: രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം


സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ദമാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശി മണോലി വീട്ടിൽ സജീം (45), കണ്ണൂർ ചെറുകുന്ന് സ്വദേശി കണ്ടിവളപ്പിൽ ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ദഹ്റാൻ–ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റാസ് തനൂറയിൽ നിന്ന് ദമാമിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ വാഹനത്തിലേക്ക് ഒരു സ്വദേശി യുവാവ് ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പൂർണ്ണമായും തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ ഇരുവരെയും രക്ഷാപ്രവർത്തകർ ഏറെ ശ്രമിച്ചാണ് പുറത്തെടുത്തത്. സജീം അപകടസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ ഉടൻ തന്നെ ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ദമാമിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്ന സജീമിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ശ്രീലേഷ്. രാത്രി വൈകിയും ഇരുവരും താമസസ്ഥലത്ത് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. തുടർന്നാണ് ഖത്വീഫ് പൊലീസിൽ നിന്നും അപകടവിവരം സുഹൃത്തുക്കൾ അറിയുന്നത്. നിലവിൽ ഇരുവരുടെയും മൃതദേഹങ്ങൾ ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശ്രീലേഷിന്റെ മരണം കുടുംബത്തിന് ഇരട്ട ദുരിതമാണ് സംഭവിച്ചിരിക്കുന്നത്. അഞ്ച് വർഷം മുമ്പാണ് ശ്രീലേഷിന്റെ ഏക സഹോദരൻ ശ്രീരാഗ് മരണപ്പെട്ടത്. അനുജന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ തന്നെ ജ്യേഷ്ഠനായ ശ്രീലേഷും വിടപറഞ്ഞത് കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ശ്രീലേഷിന്റെ പിതാവ് ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ശ്രീലേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും ശ്രമിക്കുന്നത്. മരണപ്പെട്ട സജീമിന്റെ മൃതദേഹം ദമ്മാമിൽ തന്നെ ഖബറടക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്. ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാട്ടിലുള്ള അദ്ദേഹത്തിന്റെ മാതാപിതാക്കളെയും ഭാര്യ റുഹാലത്തിനെയും മക്കളായ ആദിൽ, ഹുസൈൻ, അമൽ എന്നിവരെയും ദമാമിലെത്തിക്കാനുള്ള വിസ നടപടികൾ നടന്നുവരികയാണ്.



إرسال تعليق

0 تعليقات