വെറും പുട്ടല്ല, ഇത് ഹെൽത്തി ‘മുരിങ്ങയില പുട്ട്’! കറിയും വേണ്ട


രാവിലെ ബ്രേക്ക് ഫാസ്റ്റിന് തീൻമേശയിലേക്കെത്തുന്ന വിഭവങ്ങളിൽ പ്രധാനിയാണ് പുട്ട്. മിക്ക വീടുകളിലും പുട്ട് സ്ഥിരം സാന്നിധ്യവും ആയിരിക്കും അല്ലേ. പുട്ടിനൊപ്പം കടലക്കറിയോ പയറോ മുട്ടക്കറിയോ ഇതൊന്നുമല്ലെങ്കിൽ പഴവുമായിരിക്കും വീട്ടിലെ കോംപിനേഷൻ അല്ലേ. എന്നാൽ ഒരു വെറൈറ്റി പുട്ടിനെ കുറിച്ച് പറഞ്ഞു തരാം. വെറും പുട്ടല്ല, ഹെൽത്തി പുട്ടാണ് കേട്ടോ, നല്ല ടേസ്റ്റി മുരിങ്ങയില പുട്ട്! മറ്റൊരു ഹൈലൈറ്റ് ഈ പുട്ടിന് കറി പോലും വേണ്ട കഴിക്കാൻ എന്നതാണ്. എങ്ങനെയാണ് ഈ പുട്ട് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

പുട്ടുപൊടി: 2 കപ്പ്
വെള്ളം: 1 ഗ്ലാസോളം
കൊച്ചുള്ളി/സവാള: 1 കപ്പ് അരിഞ്ഞത്
പച്ചമുളക്: 2 എണ്ണം
ചിരകിയ തേങ്ങ
മുരിങ്ങയില: ഒരു പിടി
ചതച്ച മുളക് (1 ടീസ്പൂൺ)
മഞ്ഞൾപ്പൊടി (ഒരു നുള്ള്)
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ: ‌ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിൽ പുട്ടുപൊടിയിട്ട് ആവശ്യത്തിന് ഉപ്പും വെള്ളം ചേർത്ത് നന്നായി നനച്ച് കുതിരാനായി മാറ്റി വെക്കുക. ഇനി മസാല തയ്യാറാക്കാം. ഇതിനായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കൊച്ചുള്ളിയോ സവാളയോ ഇതുരണ്ടുമോ ചേർത്ത് നന്നായി വഴറ്റുക. ചെറുതായി അരിഞ്ഞ പച്ചമുളകും ചേർക്കണം. ഉള്ളി വഴണ്ടു വന്നാൽ അതിലേക്ക് ഒരു ഉപ്പും ചതച്ച മുളകും മഞ്ഞൾപ്പൊടിയുംവ ചേർത്ത് യോജിപ്പിക്കുക. ശേഷം ഇതിലേക്ക് ചിരകിയ തേങ്ങ കൂടി ചേർത്ത് വെള്ളമയം മാറുന്നത് വരെ ഇളക്കണം. പിന്നീട് ഇതിലേക്ക് ഒരു പിടി മുരിങ്ങയില കൂടി ചേർത്ത് ഒന്ന് ഇളക്കിയ ശേഷം ഉടൻ തന്നെ ഫ്ലെയിം ഓഫ് ചെയ്യാം. കൂടുതൽ നേരം വഴറ്റിയാൽ മുരിങ്ങയിലയുടെ ഗുണവും നിറവും നഷ്ടപ്പെട്ടേക്കും.

ഇനി തയ്യാറാക്കിയ ഈ കൂട്ടിലേക്ക് നനച്ചു വെച്ചിരിക്കുന്ന പുട്ടുപൊടി ചേർക്കണം. കട്ടകളെല്ലാം ഉടച്ച് നന്നായി യോജിപ്പിക്കുക. ശേഷം സാധാരണ ​ഗതിയിൽ പുട്ട് തയ്യാറാക്കുന്നത് പോലെ ആവിയിൽ വേവിച്ചെടുക്കാം.



Post a Comment

0 Comments