നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

 

തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മുത്തശിയുടെ പരാതിയില്‍ സര്‍ക്കാര്‍ നേരത്തെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി ചോദിച്ചു. വനിതാ ശിശുവികസന വകുപ്പിനെ കേസില്‍ കക്ഷിചേര്‍ത്തു. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. ചീഫ് ജസ്റ്റസ് അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്.കുട്ടിയുടെ മുത്തശിയുടെ ഒരു ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിളിക്കുകയും സഹായമഭ്യര്‍ഥിക്കുകയും ചെയ്തത് ആ ഓഡിയോ ക്ലിപ്പില്‍ വ്യക്തമായിരുന്നു. അതില്‍ ഇടപെടല്‍ ഉണ്ടായിരുന്നില്ല. എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന ചോദ്യമാണ് കോടതിയും ഉന്നയിക്കുന്നത്. ഇതിന് പിന്നാലെയാണ് കേസെടുത്തത്.കുഞ്ഞിന്റെ നിസഹായവസ്ഥ റീന ഹെല്‍പ് ലൈനില്‍ വിളിച്ച് അറിയിച്ചു. എന്നാല്‍, കൃത്യമായ നടപടിയെടുക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് തയാറായില്ല. മറ്റെന്തോ പ്രശ്‌നങ്ങള്‍ ആണെന്നായിരുന്നു ഹെല്‍പ് ലൈനില്‍ നിന്നുള്ള മറുപടി. പരാതിയില്‍ ഒരു തുടര്‍നടപടിയും സ്വീകരിക്കാതെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സ്വീകരിച്ചില്ല.

മകന്റെ ഭാര്യയ്ക്ക് സുഹൃത്ത് അയച്ചുകൊടുത്ത ഫോട്ടോയാണെന്നും അത് മകള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത് കണ്ടെന്നും ഇവര്‍ പറയുന്നുണ്ട്. കുഞ്ഞ് സൈക്കിളില്‍ നിന്ന് വീണതാണെങ്കില്‍ ശരീരത്തില്‍ മറ്റ് ഭാഗത്ത് മുറിവുകളുണ്ടാകണം. എന്നാല്‍ ഫോട്ടോയില്‍ മറ്റെവിടെയും മുറിവ് കാണുന്നില്ല. ആ കുഞ്ഞിനെ മകളുടെ ഭര്‍ത്താവ് ഉപദ്രവിച്ചുവെന്നാണ് കരുതുന്നത് എന്ന് റീന പറഞ്ഞു. എന്നാല്‍ ഇതെല്ലാം അറിഞ്ഞുകൊണ്ട് എന്തിനാണ് നിങ്ങള്‍ കുഞ്ഞിനെ അവരുടെ കൂടെ വിട്ടത്, ഷെല്‍ട്ടറിലേക്ക് മാറ്റിക്കൂടായിരുന്നോ എന്നായിരുന്നു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ തിരിച്ച് ചോദിച്ചത്. കുട്ടി വണ്ടിയില്‍ നിന്ന് വീണതാകും, നിങ്ങള്‍ മകളെ വിളിച്ച് ചോദിക്കാത്തത് എന്താണ് എന്നും ഇയാള്‍ ചോദിക്കുന്നുണ്ട്. അഷ്‌കര്‍ ഉപദ്രവിച്ചതാണെന്ന് സംശയമുണ്ടെന്നും റീന ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.

താന്‍ ജോലിക്ക് പോകുന്ന സമയത്ത് കുഞ്ഞിനെ നോക്കുന്നത് 72 വയസുള്ള വയ്യാത്ത തന്റെ അമ്മയാണെന്നും അതുകൊണ്ടാണ് കുഞ്ഞിനെ നോക്കാന്‍ അഖിലയെ ഏല്‍പ്പിച്ചതെന്നും റീന ശബ്ദസന്ദേശത്തില്‍ പറയുന്നു. തന്റെ വീട്ടില്‍ നില്‍ക്കുമ്പോള്‍ കുഞ്ഞ് വളരെ സന്തോഷത്തില്‍ ആയിരുന്നുവെന്നും എന്നാല്‍ അഷ്‌കര്‍ ചീത്തപറയുന്നത് കേള്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് കുഞ്ഞിനെ കൊടുത്തതെന്നും റീന പറയുന്നു.



إرسال تعليق

0 تعليقات