തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന എ കെ ലോഹിതദാസ് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 17 വര്‍ഷം. പച്ചയായ മനുഷ്യരും അവരുടെ ജീവിതവുമാണ് ലോഹിതദാസ് ചിത്രങ്ങളെ സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കിയത്. സര്‍ഗാത്മകതയുടെ ആഴവും പരപ്പുമുള്ള കഥകളും കഥാപാത്രങ്ങളുമാണ് എ കെ ലോഹിതദാസ് സൃഷ്ടിച്ചത്. അതിഭാവുകത്വമില്ലാതെ അവ സാധാരണക്കാരോട് സംവദിച്ചു. ഉള്ളുപൊള്ളുന്ന വൈകാരികതയായിരുന്നു അവയുടെ മര്‍മ്മം.സിബി മലയിലിന്റെ തനിയാവര്‍ത്തനത്തിന് തിരക്കഥയെഴുതിയാണ് ലോഹിതദാസിന്റെ അരങ്ങേറ്റം. ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടില്‍പ്പിറന്ന കിരീടം, ചെങ്കോല്‍, ഭരതം, കമലദളം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള അങ്ങനെ എല്ലാം മലയാള സിനിമയിലെ ക്ലാസിക്കുകളായി. മധ്യവര്‍ഗ മലയാളി കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുഃഖങ്ങളും ദുരിതങ്ങളും സംഘര്‍ഷങ്ങളുമായിരുന്നു ലോഹിതദാസ് സിനിമകളുടെ ഇതിവൃത്തങ്ങള്‍. കിരീടത്തിലെ സേതുമാധവന്‍, തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ്, ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍, അമരത്തിലെ അച്ചൂട്ടി, ഭരതത്തിലെ ഗോപിനാഥന്‍, കന്മദത്തിലെ ഭാനു- നമുക്ക് ചുറ്റും ജീവിക്കുന്ന സാധാരണ മനുഷ്യരുടെ പകര്‍പ്പുകളായിരുന്നു എല്ലാം.തിരക്കഥ,സംവിധാനം, നിര്‍മാണം ചലച്ചിത്രരംഗത്ത് ലോഹിതദാസ് കൈവയ്ക്കാത്ത മേഖലകളില്ല. ഭൂതക്കണ്ണാടിയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടി.





0 تعليقات