തൂഫാൻ വാരിയറായി കാന്തപുരം AP അബൂബക്കർ മുസ്ലിയാർ. ബാഡ്ജ് ധരിപ്പിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി മുക്ത കേരളം എല്ലാവരും ആഗ്രഹിക്കുന്നുവെന്ന് കാന്തപുരം മുസ്‌ലിയാർ പറഞ്ഞു. സർക്കാരിൻ്റെ പദ്ധതിയെ അഭിനന്ദിക്കുന്നു.പദ്ധതി സ്വാഗതാർഹമാണ്. പള്ളികളിലടക്കം ഇതിനെപറ്റി പറയുന്ന കാര്യം സംഘടനയുമായി ചേർന്ന് ആലോചിക്കും.ജാതി മത ഭേദമെന്യ എല്ലാവരും പദ്ധതിയുടെ ഭാഗം ആകണം. തൂഫാൻ വിജയത്തിന് എല്ലാവരെയും തൂഫാൻ വാരിയർ ആക്കുമെന്നും കാന്തപുരം മുസ്‌ലിയാർ വ്യകത്മാക്കി. കാന്തപുരം AP അബുബക്കറിനെ തൂഫാൻ വാരിയർ ആക്കും. കാന്തപുരം പിന്തുണ നൽകുമെന്ന് പറഞ്ഞുവെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. തൂഫാൻ ഹിന്ദി / ഇംഗ്ലീഷ് / കന്നന്ധ അടക്കം മറ്റ് ഭാഷകളിൽ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സർക്കാരിൻ്റെ ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ ജനകീയ മുന്നേറ്റമാക്കി മാറ്റാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ‘തൂഫാൻ വാരിയർ’ ബാഡ്ജ് നൽകിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് സർക്കാരിൻ്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിതെന്നും ഇതിൽ മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ലോക ലഹരിവിരുദ്ധ ദിനമായ ഈ മാസം 26ന് സംസ്ഥാനത്തെ 140 നിയമസഭ മണ്ഡലങ്ങളിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
എംപിമാർ, എംഎൽഎമാർ, തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡൻ്റുമാർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ വിദ്യാലയങ്ങളിലും അന്ന് ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കും. സ്കൂളുകളിൽ തൂഫാൻ പതാക ഉയർത്തുകയും വിദ്യാർഥികൾ പ്രതിജ്ഞയെടുക്കുകയും ചെയ്യും. എറണാകുളത്ത് നടക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനൊപ്പം താനും പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
ലഹരി നിർമാർജനത്തിനായി മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊലീസിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനകളും റെയ്ഡുകളും ഉൾപ്പെടുന്ന ‘തൂഫാൻ സ്ട്രൈക്സ്’ ആണ് ഒന്നാം ഘട്ടം. ഇതിനകം തന്നെ 15 കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും മയക്കുമരുന്നുകളും പിടികൂടിയിട്ടുണ്ട്. 17 ദിവസങ്ങൾ പിന്നിട്ട ഒന്നാം ഘട്ടം ഇപ്പോഴും തുടരുകയാണ്.സമൂഹത്തിലെ ഓരോ വ്യക്തിയെയും ലഹരിക്കെതിരായ പോരാളിയാക്കി മാറ്റുന്ന ‘തൂഫാൻ വാരിയർ’ ആണ് രണ്ടാമത്തെ ഘട്ടം. ലഹരിക്ക് അടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ‘തൂഫാൻ കെയർ’ ആണ് മൂന്നാം ഘട്ടം. ഇതിനായി മത, സാമൂഹിക, സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ നിരവധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പദ്ധതിക്കായി ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും പുതിയ സാങ്കേതികവിദ്യകൾ ഇതിനായി ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മയക്കുമരുന്ന് മാഫിയക്കെതിരെ കർശന മുന്നറിയിപ്പും ആഭ്യന്തരമന്ത്രി നൽകി. ഇതൊരു പ്രഹസനമാണെന്നും കുറച്ചുദിവസങ്ങൾ കഴിയുമ്പോൾ അവസാനിക്കുമെന്നുമാണ് ലഹരി മാഫിയ കരുതുന്നത്. എന്നാൽ യാതൊരു കാരണവശാലും ഈ പോരാട്ടം അവസാനിപ്പിക്കില്ല. മയക്കുമരുന്ന് കച്ചവടക്കാരെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരും.
കേരളത്തെ പൂർണമായും ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുന്നതുവരെ പൊലീസ് നടപടികൾ അതിശക്തമായി തുടരുമെന്നും രാഷ്ട്രീയത്തിനും മറ്റ് ചിന്തകൾക്കും അതീതമായി കേരളം ഒറ്റക്കെട്ടായി ഈ വിപത്തിനെ നേരിടണമെന്നും രമേശ് ചെന്നിത്തല അഭ്യർഥിച്ചു. സമസ്തയെപ്പോലുള്ള വലിയ പ്രസ്ഥാനങ്ങളുടെ പിന്തുണ സർക്കാരിൻ്റെ ലഹരിവിരുദ്ധ പോരാട്ടങ്ങൾക്ക് വലിയ ഊർജമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






0 تعليقات