'രാഹുൽ ഗാന്ധിയുടെ നിലപാടുകൾ അംഗീകരിക്കാനാകാത്തത്'; ഇൻഡ്യ സഖ്യം വിടണമെന്ന ആവശ്യത്തിൽ CPIMലെ ഒരു വിഭാഗം നേതാക്കൾ


ന്യൂഡല്‍ഹി: ഇന്‍ഡ്യ സഖ്യം വിടണമെന്ന ആവശ്യവുമായി സിപിഐഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍. രാഹുല്‍ ഗാന്ധിയുടെ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തില്‍ സിപിഐഎമ്മിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം ഉണ്ടായെന്നും പോളിറ്റ് ബ്യൂറോയില്‍ നേതാക്കള്‍ ആരോപിച്ചു. സഖ്യത്തില്‍ ചേരാതെ പുറത്തുനിന്ന് പിന്തുണയ്ക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. വിഷയം കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും. ഇന്‍ഡ്യ സഖ്യത്തില്‍ കോണ്‍ഗ്രസ്-സിപിഐഎം ബന്ധം കൂടുതല്‍ ഉലയുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ഇരുപാര്‍ട്ടികളും നടത്താനിരുന്ന സഖ്യ ചര്‍ച്ചകള്‍ ഉൾപ്പെടെ നടന്നേക്കില്ലെന്ന വിവരവും വന്നിരുന്നു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാനാകില്ലെന്ന് ഇന്‍ഡ്യ സഖ്യ യോഗത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം കോണ്‍ഗ്രസ് പുറത്തുവിട്ടതാണ് സിപിഐഎമ്മിനെ ചൊടിപ്പിച്ചത്. അടുത്ത യോഗത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് സിപിഐഎം തീരുമാനം. ഇരുപാര്‍ട്ടികള്‍ക്കിടയിലും നിലനില്‍ക്കുന്ന ശീതയുദ്ധം പരിഹരിക്കാന്‍ ചര്‍ച്ചയാകാമെന്ന് ജൂണ്‍ എട്ടിലെ യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ അത്തരമൊരു ചര്‍ച്ചയ്ക്കുള്ള സാധ്യത മങ്ങുകയാണ്. രാഹുല്‍ ഗാന്ധി തന്നെയായിരുന്നു സമവായ ചര്‍ച്ചകള്‍ക്ക് ജോണ്‍ ബ്രിട്ടാസിനെ താല്‍പര്യം അറിയിച്ചത്. നേതൃത്വവുമായി ആലോചിച്ച് ചര്‍ച്ചയ്ക്ക് വഴിതുറക്കാനായിരുന്നു നീക്കം. അതിനിടെയാണ് ഇന്‍ഡ്യ സഖ്യ യോഗത്തില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം കോണ്‍ഗ്രസ് പുറത്തുവിടുന്നത്. പിണറായി വിജയനെ ആലിംഗനം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹവുമായി വ്യക്തമായ രാഷ്ട്രീയ പോരാട്ടം ഉണ്ടെന്നുമായിരുന്നു രാഹുലിന്റെ പ്രസംഗം. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യം മനസ്സിലാക്കി വേണം ഇന്‍ഡ്യ സഖ്യം മുന്നോട്ടുപോകാന്‍. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടേതായ നിലപാടും നിലനില്‍പ്പുമുണ്ട്. എന്നാല്‍ ഇന്ത്യ എന്ന ആശയം പ്രതിരോധത്തിലാകുമ്പോള്‍ പ്രതിപക്ഷം ഒറ്റകെട്ടാകും. അത്തരം സാഹചര്യത്തില്‍ ഡിഎംകെയോടും കൈകോര്‍ക്കാനാകും എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ ഇടതു നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സഖ്യനേതാക്കള്‍ പരസ്പരം വിമര്‍ശനം ഉന്നയിക്കുമ്പോള്‍ മര്യാദ പാലിക്കണം എന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ സമീപനം ഇന്‍ഡ്യ സഖ്യത്തെ തകര്‍ക്കുന്നതാണെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മറുപടി നല്‍കി. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ഗാന്ധി ആലിംഗനം ചെയ്തത് പിണറായി വിജയന്‍ ഓര്‍മിപ്പിക്കുകയും ചെയ്തു. യോഗത്തിലെ മറ്റു പ്രസംഗങ്ങള്‍ കൂടി പുറത്തുവിടണം എന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ ആവശ്യം.



إرسال تعليق

0 تعليقات