എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ട് പോകുക എന്ന UDF നയമാണ് ബിന്ദു കൃഷ്ണ പിന്തുടർന്നത്, അല്ലാതെ പ്രീണനമല്ല'

 

വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളം. വെള്ളാപ്പള്ളി നടേശനെ മാത്രമല്ല മന്ത്രി സന്ദർശിച്ചതെന്ന് വിഷ്ണു പറഞ്ഞു. എന്‍എസ്എസ് ആസ്ഥാനത്തും കത്തോലിക്കാ സഭകളുടെ ആസ്ഥാനങ്ങളിലും മന്ത്രി സന്ദർശനം നടത്തി. ഇസ്‌ലാം മത നേതാക്കളെയും മന്ത്രി കാണുകയുണ്ടായി. എല്ലാവരെയും ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോവുക എന്ന യുഡിഎഫ് നയമാണ് ബിന്ദു കൃഷ്ണ പിന്തുടര്‍ന്നതെന്നും അല്ലാതെ പ്രീണനമല്ലെന്നും വിഷ്ണു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിഷ്ണുവിൻ്റെ പ്രതികരണം.കള്ള പ്രചരണങ്ങളിലൂടെ കടിച്ച് കീറാന്‍ തക്കംപാര്‍ത്ത് നില്‍ക്കുന്ന സിപിഐഎം വേട്ടപ്പട്ടികള്‍ക്ക് മുന്നിലേക്ക് മന്ത്രി ബിന്ദു കൃഷ്ണയെ ഇട്ടുകൊടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറല്ല, ഏതറ്റം വരെയും പ്രതിരോധിക്കും. വെറുപ്പിനെ വെറുപ്പ് കൊണ്ടല്ല നേരിടേണ്ടത്. ആരെയും വെറുക്കപ്പെട്ടവരായി മാറ്റിനിര്‍ത്തുന്നതോ അസ്പര്‍ശ്യരാക്കുന്നതോ ഗാന്ധിയന്‍ ആശയമല്ല. വെറുപ്പ് പ്രചരിപ്പിക്കുന്നവരെയും നമുക്ക് സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തനാകണം. നമ്മള്‍ ഉയര്‍ത്തുന്ന മതേതരത്വത്തിന്റെയും സ്‌നേഹത്തിന്റെയും പാതയിലേക്ക് അവരെയും നയിക്കാനാകണമെന്നും വിഷ്ണു പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ സമീപകാലത്തെ ചില പ്രസ്താവനകളോട് പ്രസ്ഥാനത്തിന് ശക്തമായ വിയോജിപ്പുണ്ട്. എന്നുകരുതി അദ്ദേഹത്തിനോട് മിണ്ടാനും അദ്ദേഹത്തെ കാണാനും പാടില്ലെന്ന ഏകപക്ഷീയ നിലപാട് കൂടുതല്‍ അപകടകരമാണെന്നും വിഷ്ണു കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളിയെ കണ്ട നടപടിയിൽ ബിന്ദു കൃഷ്ണയെ വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ അടക്കം രംഗത്തെത്തിയിരുന്നു. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ നേതാവിനെ കാണാന്‍ പോയത് തെറ്റാണെന്നും മന്ത്രിയില്‍ നിന്നും രാഷ്ട്രീയ മാന്യത പ്രതീക്ഷിക്കുന്നുവെന്നും ദുൽഖിഫിൽ പറഞ്ഞിരുന്നു.

Post a Comment

0 Comments