ഇ-ഗ്രാന്റ്‌സ് വിദ്യാഭ്യാസാനുകൂല്യ വിതരണം തടസ്സപ്പെട്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതം: അപേക്ഷ നൽകാനുള്ള തീയതി ജൂലൈ 27 വരെ ദീർഘിപ്പിച്ചു.

 



സംസ്ഥാനത്തെ സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി (OEC), ഒ.ബി.സി (OBC-H) വിഭാഗം വിദ്യാർത്ഥികൾക്കായുള്ള ഇ-ഗ്രാന്റ്‌സ് വിദ്യാഭ്യാസാനുകൂല്യ വിതരണം തടസ്സപ്പെട്ടു എന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വന്നിട്ടുള്ള വാർത്തകൾ പരിപൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി അറിയിച്ചു.

മുൻവർഷങ്ങളിലേതിന് സമാനമായി 2026-27 അധ്യയന വർഷത്തിലും വർഷാരംഭത്തിൽ തന്നെ (2026 ജൂൺ) അപേക്ഷകൾ സ്വീകരിക്കുന്നതിനായി ഇ-ഗ്രാന്റ്‌സ് പോർട്ടൽ തുറന്നുനൽകിയിട്ടുള്ളതും സ്‌കൂളുകളിൽ നിന്നുള്ള ഡാറ്റാ എൻട്രി നടപടികൾ സുഗമമായി പുരോഗമിക്കുകയുമാണ്. ആദ്യഘട്ടത്തിൽ സ്‌കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി പൂർത്തിയാക്കേണ്ട അവസാന തീയതി ജൂലൈ 15 വരെയാണ് നിശ്ചയിച്ചിരുന്നത്.

ഇ-ഗ്രാന്റ്‌സ് പോർട്ടലിൽ സാധാരണയായി ഉണ്ടാകാറുള്ള സാങ്കേതിക തടസ്സങ്ങൾ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അവ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ സാങ്കേതിക തടസ്സം നേരിട്ട കാലയളവ് കൂടി കണക്കാക്കി, വിദ്യാർത്ഥികൾക്ക് ആനുകൂല്യം ഉറപ്പാക്കുന്നതിനായി നിലവിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 27 വരെ ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്. പോർട്ടൽ വഴി കൃത്യമായ ഇടപെടലുകൾ നടത്തിയതിന്റെ ഫലമായി, മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലും കൂടുതലായും അപേക്ഷകൾ ഇതിനകം തന്നെ ലഭ്യമായിട്ടുണ്ട്. ഇന്നുവരെ (ജൂലൈ 17) ലഭ്യമായ കണക്കുകൾ പ്രകാരം ആകെ 1,09,348 അപേക്ഷകൾ പോർട്ടലിൽ വിജയകരമായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

വിദ്യാഭ്യാസാനുകൂല്യ വിതരണവുമായി ബന്ധപ്പെട്ട് യാതൊരുവിധ ആശങ്കകൾക്കും അടിസ്ഥാനമില്ലെന്നും, ഒരു വിദ്യാർത്ഥിയ്ക്കും ആനുകൂല്യം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകില്ലെന്നും സ്‌കൂളുകൾ വഴിയുള്ള ഡാറ്റാ എൻട്രി നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ആനുകൂല്യങ്ങൾ സമയബന്ധിതമായി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.



إرسال تعليق

0 تعليقات