ദുബായിലെ മെട്രോ, ബസ് സ്റ്റേഷനുകളിലേക്ക് എളുപ്പത്തിലെത്താം; പരിസ്ഥിതി സൗഹൃദ പാതകൾ ഒരുങ്ങുന്നു


ദുബായ് നിവാസികള്‍ക്ക് ആശ്വാസകരമായ പദ്ധതിയുമായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. നഗരത്തിലൂടെ നടക്കാനും സൈക്കിളിലും ഇ-സ്‌കൂട്ടറിലും യാത്ര ചെയ്യാനും കഴിയുന്ന മികച്ച പരിസ്ഥിതി സൗഹൃദ ഗതാഗത സൗകര്യങ്ങളാണ് ദുബായ് ആര്‍ടിഎ പദ്ധതിയിടുന്നത്. സ്വന്തം കാറുകളെ ആശ്രയിക്കാതെ ജനങ്ങൾക്ക് പൊതുഗതാഗതം കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പുതിയ പദ്ധതി പ്രകാരം 2030-ഓടെ ദുബായിലെ 25 പ്രധാന താമസ മേഖലകളിൽ മികച്ച നടപ്പാതകളും സൈക്കിൾ ട്രാക്കുകളും നിർമ്മിക്കും. കൂടാതെ 63 മെട്രോ, ബസ് സ്റ്റേഷനുകളുടെ പരിസരങ്ങൾ പൂർണ്ണമായും നവീകരിക്കുകയും ചെയ്യും. വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ആളുകൾക്ക് ബസ്, മെട്രോ സ്റ്റേഷനുകളിലേക്ക് സുരക്ഷിതമായി നടന്നു പോകാനോ സൈക്കിളിൽ എത്താനോ വേണ്ടിയാണ് ഈ മാറ്റങ്ങൾ വരുത്തുന്നത്. പദ്ധതിയുടെ ഭാഗമായി സ്റ്റേഷനുകളുടെ പരിസരങ്ങളിൽ വീതിയേറിയ മികച്ച നടപ്പാതകൾ, പുതിയ സൈക്കിൾ, ഇ-സ്കൂട്ടർ ട്രാക്കുകൾ, വെയിൽ അടിക്കാതിരിക്കാൻ തണലുള്ള വഴികൾ, സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കും. കൂടാതെ സൈക്കിൾ പാർക്കിങ് കേന്ദ്രങ്ങൾ, ബൈക്ക് സ്റ്റേഷനുകൾ, വാഹനം നിർത്തി ആളുകളെ ഇറക്കാനുള്ള സൗകര്യങ്ങൾ എന്നിവയും ഉണ്ടാകും. ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക സൗകര്യങ്ങളും ഈ രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ദുബായ് മറീന, അൽ കറാമ, അൽ ഖുസൈസ്, നായിഫ്, അൽ ബർഷ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ഇത്തരം സൗകര്യങ്ങൾ ആർടിഎ വിജയകരമായി ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ മാൾ ഓഫ് ദി എമിറേറ്റ്സ്, ബുർജ് ഖലീഫ/ദുബായ് മാൾ അടക്കമുള്ള 37 മെട്രോ സ്റ്റേഷനുകളുടെ പരിസരവും ഇതിനകം നവീകരിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.



Post a Comment

0 Comments