സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം.

 

ഫിഫ ലോകകപ്പില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും ഇന്ന് മുഖാമുഖം വരികയാണ്. ലോകകിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ രാജ്യമെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുക്കുകയാണ് അര്‍ജന്റീന. 1966ന് ശേഷം സ്വര്‍ണക്കപ്പ് തിരികെ വീട്ടിലെത്തിക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. വെറുമൊരു മത്സരത്തിനപ്പുറം രാഷ്ട്രീയവും യുദ്ധവും പ്രതികാരവുമെല്ലാം സമ്മിശ്രം ചാലിച്ച ക്ലാസിക് പോര് തന്നെയാകുമിത്. അറ്റ്‌ലാന്റയില്‍ ഇന്ന് തീപാറുമെന്ന് ഉറപ്പ്.നിര്‍ണായക പോരാട്ടത്തിന് കളമൊരുങ്ങുമ്പോള്‍ അര്‍ജന്റീനക്ക് അനുകൂലമായി ചില തീരുമാനങ്ങള്‍ ഫിഫയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുകയാണെന്ന ആക്ഷേപം ആരാധകരുടെ ഭാഗത്ത് നിന്ന് ഉയരുകയാണ്. അറ്റ്‌ലാന്റയില്‍ നടക്കുന്ന ആവേശപ്പോര് നിയന്ത്രിക്കാന്‍ ഇസ്മായില്‍ ഇല്‍ഫാത്ത് എന്ന റഫറിയേയാണ് ഫിഫ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇല്‍ഫാത്ത് നിയന്ത്രിച്ച മത്സരങ്ങളിലൊന്നും മെസ്സി പരാജയപ്പെട്ടിട്ടില്ല എന്നതുകൊണ്ടുതന്നെ റഫറിയിങ്ങുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഫുട്‌ബോള്‍ ലോകത്ത് വീണ്ടും സജീവമാകുകയാണ്.


മൊറോക്കന്‍-അമേരിക്കന്‍ റഫറിയായ ഇസ്മയില്‍ ഇല്‍ഫാത്ത് നിയന്ത്രിച്ച അഞ്ച് മത്സരങ്ങളിലും വിജയം മെസ്സിക്കൊപ്പമായിരുന്നു. ഈ കണക്ക് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ചില ഇംഗ്ലണ്ട് ആരാധകര്‍ ഫിഫയുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയ്തു. 44കാരനായ റഫറി ഈ ലോകകപ്പിലെ നാലാം മത്സരമാണ് നിയന്ത്രിക്കുന്നത്.

മെസ്സിയുടെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളില്‍ ഇല്‍ഫാത്ത് ഉള്‍പ്പെടുന്നത് ഇതാദ്യമായല്ല. 2022ലെ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന കിരീടമുയര്‍ത്തിയപ്പോള്‍ മത്സരത്തിന്റെ ഫോര്‍ത്ത് ഒഫീഷ്യല്‍ ഈ റഫറിയായിരുന്നു. മെസ്സിയുടെ നിലവിലെ ക്ലബ്ബായ ഇന്റര്‍ മയാമി ആദ്യ കിരീടം നേടിയ 2023ലെ ലീഗ്സ് കപ്പ് ഫൈനലില്‍ കളി നിയന്ത്രിച്ചതും ഇല്‍ഫാത്ത് ആണ്. മേജര്‍ ലീഗ് സോക്കറില്‍ മെസ്സി കളിച്ച നാല് മത്സരങ്ങളിലും ഇല്‍ഫാത്ത് ആയിരുന്നു റഫറി.



Post a Comment

0 Comments