രസവളങ്ങളുടെ വില വർദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കിസാൻ സഭ കർഷകമാർച്ച് സംഘടിപ്പിച്ചു


കണ്ണൂര്‍: രാജ്യത്തെ കർഷകരെ കൊള്ളയടിക്കുന്ന തരത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭീമമായ രാസവള വില വർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാന്‍സഭ(എഐകെഎസ്)ജില്ലാ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂർ ആർ എസ് പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കിസാൻ സഭ ദേശീയ കൗൺസിൽ അംഗം എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. മോദി ഭരണകൂടം കാര്‍ഷികമേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷികോത്പാദനവും ശേഖരണവും വിതരണവും മൂലധനശക്തികള്‍ക്ക് തീറെഴുതുന്നതിന്റെ ഭാഗമായി കൃഷിക്കാരെ കൃഷിഭൂമിയില്‍ നിന്നും പുറന്തള്ളുകയാണ്.രാസവളങ്ങളും കീടനാശിനികളും പൂഴിത്തിവെക്കുകയും ഭീമമായ വിലവര്‍ദ്ധനവിലൂടെ കൃഷി നടത്താന്‍ കഴിയാതെ കൃഷിക്കാരെ കാര്‍ഷികമേഖലയില്‍ നിന്നും പിന്തിരിപ്പിക്കുവാനുള്ള നീക്കിത്തിന്റെ ഭാഗം കൂടിയാണിത്. ഇതിനെതിരെ കര്‍ഷകരുടെ യോജിച്ച പ്രക്ഷോഭം അനിവാര്യമാണ്. വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ടതുണ്ട്.  എന്നാല്‍ സംസ്ഥാനസര്‍ക്കാരിന്റെ നയവും കര്‍ഷകവിരുദ്ധമാണെന്ന് തെളിയിക്കുന്നതാണ് സര്‍ക്കാരിന്റെ നയപ്രഖ്യാപനവും ബജറ്റും.  രണ്ടാം ഭൂപരിഷ്കരണനിയമത്തിനുള്ള ആഹ്വാനം തോട്ടം മേഖലയിലുള്ള ഭൂമി സമ്പന്നര്‍ക്കും വാണിജ്യമേഖലയിലുള്ളവര്‍ക്ക് തീറെഴുതികൊടുക്കുന്നതിന്റെ ഭാഗമായാണെന്നും എ പ്രദീപന്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം കെ വി ഗോപിനാഥ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി കെ മധുസൂദൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി പി ഷൈജൻ, കെ പി കുഞ്ഞി കൃഷ്ണൻ, ബികെഎംയു സംസ്ഥാനകമ്മിറ്റി അംഗം സി വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. പായം ബാബുരാജ്, കണ്ണാടിയൻ ഭാസ്കരൻ, പി കെ മുജീബ് റഹ്‌മാൻ, കട്ടേരി രമേശൻ, ടി കെ വത്സലൻ , എം പി രമേശൻ, എ പി മോഹനൻ, പി വി ജയപ്രകാശ്, സണ്ണി തുണ്ടിയിൽ, സി ദിനേശൻ എന്നിവർ നേതൃത്വം നല്‍കി. അശാസ്ത്രീയമായ രാസവള വില വർദ്ധനവ് കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കുക, വെട്ടിക്കുറച്ച വളം സബ്‌സിഡി പൂർവ്വസ്ഥിതിയിലാക്കി കർഷകർക്ക് ആശ്വാസം നൽകുക, കർഷകർക്ക് ആവശ്യമായ രാസവളങ്ങൾ സൊസൈറ്റികൾ വഴിയും മറ്റും കരിഞ്ചന്തയില്ലാതെ യഥേഷ്ടം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കര്‍ഷകമാര്‍ച്ച്.



إرسال تعليق

0 تعليقات