അരങ്ങേറ്റത്തിലെ ചരിത്രപ്പെരുമ; വൈഭവ് സൂര്യവംശിയുടെ 'സിക്‌സര്‍ ആനന്ദം' ഒരു തുടക്കം മാത്രം.

 

വൈഭവ് സൂര്യവംശി കളിക്കുമെന്ന് പറഞ്ഞാണ് അയര്‍ലന്‍ഡിനെതിരായ ടി20 ക്രിക്കറ്റില്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത്. പക്ഷെ, 15-കാരന്റെ വെടിക്കെട്ട് കാണാനിരുന്നവരെല്ലാം നിരാശരായി. വൈഭവ് രണ്ടുമത്സരവും കളിച്ചില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യമത്സരത്തിലും വൈഭവ് ഇല്ല. സഞ്ജു സാംസണായിരുന്നു ഓപ്പണിങ് റോളില്‍. സഞ്ജു നിരാശ തുടര്‍ന്നതോടെ വൈഭവിന് സാധ്യത തെളിഞ്ഞു. ഒടുവില്‍ മാഞ്ചെസ്റ്ററില്‍ പിറന്നത് ചരിത്രം! സഞ്ജു സാംസണിന് പകരക്കാരനായി ടീമിന്റെ ഓപ്പണറുടെ റോളിലാണ് വൈഭവ് സൂര്യവംശി കളത്തിലിറങ്ങിയത്. രാജ്യാന്തര ക്രിക്കറ്റ് കരിയറിലെ ആദ്യ ഇന്നിങ്‌സില്‍ വലിയൊരു സ്‌കോര്‍ നേടാന്‍ വൈഭവിന് കഴിഞ്ഞില്ലെങ്കിലും നേരിട്ട 10 പന്തുകളില്‍ നിന്ന് 14 റണ്‍സ് എടുത്ത് താരം തന്റെ വരവറിയിച്ചു. ഇംഗ്ലിഷ് ബോളിങ് നിരയെ ഭയമില്ലാതെ നേരിട്ട വൈഭവ് രണ്ട് തകര്‍പ്പന്‍ സിക്‌സറുകള്‍ പറത്തിക്കൊണ്ടാണ് ആരാധകരെ ആവേശത്തിലാക്കിയത്. ഒടുവില്‍ വില്‍ ജാക്‌സിന്റെ പന്തില്‍ ജോസ് ബട്ലര്‍ സ്റ്റംപ് ചെയ്താണ് വൈഭവ് പുറത്തായത്. 14 റണ്‍സാണെങ്കിലും രണ്ട് സിക്‌സറുകള്‍ ഒരു തുടക്കമാണ്. രാജ്യാന്തര ക്രിക്കറ്റ് ലോകത്തേക്കുള്ള വരവറിയിച്ചതാണ്. വരാനിരിക്കുന്ന മത്സരങ്ങളില്‍ ടീമില്‍ തന്റെ സാന്നിധ്യമുണ്ടാകുമെന്ന ഉറപ്പും വൈഭവ് നല്‍കുന്നു.

അയര്‍ലന്‍ഡിനെതിരെ ഇന്ത്യന്‍ ടീം നേരിട്ട ബാറ്റിങ് തകര്‍ച്ചകളും, മുന്‍നിര ബാറ്റര്‍മാരുടെ ഫോമില്ലായ്മയും വൈഭവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ മാനേജ്മെന്റിനെ പ്രേരിപ്പിച്ചു. രവി ശാസ്ത്രി ഉള്‍പ്പടെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. വൈഭവിനെ ഉള്‍പ്പെടുത്താത്തതിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനായി ഇക്കഴിഞ്ഞ ഐപിഎല്‍ സീസണിലെ അവിശ്വസനീയമായ പ്രകടനമാണ് വൈഭവിനെ ദേശീയ ടീമില്‍ എത്തിച്ചത്. ഒരു സെഞ്ചറിയും അഞ്ച് അര്‍ധസെഞ്ചറികളും ഉള്‍പ്പെടെ 776 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്. 237.30 സ്‌ട്രൈക്ക് റേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ (72 സിക്‌സുകള്‍) പറത്തിയതും വൈഭവായിരുന്നു. ഈ സീസണിലെ ഓറഞ്ച് ക്യാപ്, മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍, എമേര്‍ജിങ് പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ എന്നീ പുരസ്‌കാരങ്ങളെല്ലാം വൈഭവ് കരസ്ഥമാക്കി. വെറുമൊരു ആഭ്യന്തര ക്രിക്കറ്റിലും അണ്ടര്‍-19 ക്രിക്കറ്റിലും താരം മികച്ച പ്രകടനമാണ് നടത്തിയിരുന്നത്.സച്ചിന്‍ തെണ്ടുല്‍ക്കര്‍ കൈയടക്കി വെച്ചിരുന്ന റെക്കോഡാണ് വൈഭവ് പഴങ്കഥയാക്കിയത്. 1989 നവംബര്‍ 15ന് കറാച്ചിയില്‍ പാക്കിസ്ഥാനെതിരെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആദ്യ ടെസ്റ്റ് കളിക്കാന്‍ ഇറങ്ങുമ്പോള്‍ പ്രായം 16 വയസും 205 ദിവസവുമായിരുന്നു. കഴിഞ്ഞ 36 വര്‍ഷത്തിലേറെയായി പുരുഷ ക്രിക്കറ്റില്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനും തകര്‍ക്കാന്‍ കഴിയാത്ത ഒന്നായിരുന്നു സച്ചിന്റെ ഈ റെക്കോഡ്. എന്നാല്‍ വൈഭവ് സൂര്യവംശി ആ റെക്കോഡിനെ മറികടക്കുമ്പോള്‍ പ്രായം 15 വയസ്സും 99 ദിവസവും. വനിതാ ക്രിക്കറ്റില്‍ ഷഫാലി വര്‍മ്മ സ്ഥാപിച്ച റെക്കോഡും വൈഭവ് മറികടന്നു. 2019ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 15 വയസും 239 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഷഫാലിയുടെ അരങ്ങേറ്റം. ഇനി റെക്കോഡ് ബിഹാറിലെ സമസ്തിപൂരുകാരന്‍ പയ്യനിലാണ്. ക്രിക്കറ്റ് ലോകത്തിന് ആര്‍മാദിക്കാന്‍ അയാള്‍ വക നല്‍കുമെന്നുറപ്പ്.



إرسال تعليق

0 تعليقات