ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ കപ്പലിനെ ഇറാൻ ആക്രമിച്ചതിനെ തുടർന്ന് ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ പുതിയ വ്യോമാക്രമണങ്ങൾ ആരംഭിച്ച് അമേരിക്ക. യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഹോർമുസ് കടലിടുക്ക് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജലപാത അടച്ചിട്ടിരിക്കുകയാണെന്നാണ് ഇറാന്റെ പ്രഖ്യാപനം. മേഖലയിലെ യുഎസ് താവളങ്ങൾക്കും സഖ്യകക്ഷികൾക്കും നേരെ ആക്രമണം അഴിച്ചുവിട്ടതായും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു. ജോർദാനിലെ ഒരു യുഎസ് ബേസിൽ ആക്രമണം നടത്തിയതായി ഐആർജിസി അറിയിച്ചു. ഒപ്പം യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ അമേരിക്കൻ സഖ്യകക്ഷികൾക്ക് നേരെയും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. ജോർദാനിലെ പ്രിൻസ് ഹസ്സൻ എയർ ബേസിന്റെ നിയന്ത്രണ കേന്ദ്രവും ഡ്രോൺ ഹാങ്ങറുകളും നശിപ്പിച്ചതായി ഇറാൻ അറിയിച്ചിട്ടുണ്ട്.
ഈ ആഴ്ച ആദ്യം മൂന്ന് വാണിജ്യ ടാങ്കറുകൾ ആക്രമിക്കപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. ഇത് യുഎസും ഇറാനും തമ്മിൽ ആക്രമണങ്ങളിലേക്ക് നയിച്ചു. അംഗീകാരമില്ലാത്ത വഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച കപ്പലിന് നേരെയാണ് നാവിക ക്രൂയിസ് മിസൈൽ പ്രയോഗിച്ചതെന്നാണ് ഇറാന്റെ മറുപടി. ഹോർമുസ് അടച്ചുപൂട്ടലിന്റെ ഫലമായി ഉണ്ടാകുന്ന ഏതൊരു യുഎസ് ആക്രമണത്തിനും മറുപടി നൽകുമെന്ന് ഇറാൻ പ്രതികരിച്ചു.
അതേസമയം ഇറാന്റെ നീക്കത്തിന് മറുപടിയായി അമേരിക്കൻ സെൻട്രൽ കമാൻഡ് ഇറാനിലെ 140 സൈനിക ലക്ഷ്യങ്ങളിൽ ആക്രമണം നടത്തി. മിസൈൽ, ഡ്രോൺ കേന്ദ്രങ്ങൾ, വാർത്താവിനിമയ ശൃംഖലകൾ ഇതിൽ ഉൾപ്പെടും. നേരത്തെ നടന്ന ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. 115 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.




0 تعليقات