സ്വര്‍ണപണയ സ്ഥാപനത്തിലെ ജീവനക്കാരെ കബളിപ്പിച്ച് തട്ടിപ്പ്; യുവതികളോട് മരിക്കാന്‍ പ്രതി പറഞ്ഞുവെന്ന് എഫ്‌ഐആര്‍

 

തിരുവനന്തപുരത്തെ സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തിലെ സ്വര്‍ണം കൈക്കലാക്കി തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി സിന്ധുവിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി എഫ്‌ഐആര്‍. യുവതികൾ സ്വര്‍ണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തന്നതിന് തെളിവില്ലന്ന് സിന്ധു പറഞ്ഞു. ഇതോടെ തങ്ങള്‍ മരിക്കുമെന്ന് യുവതികള്‍ പറഞ്ഞിരുന്നു. എന്നാല്‍ പോയി മരിക്കാനാണ് സിന്ധു അവരോട് പറഞ്ഞതെന്ന് എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നു. പ്രതിയുടെ മറ്റ് തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കുകയാണെന്നും വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി.സിന്ധുവിന്റെ തട്ടിപ്പിന് ഇരയായി രണ്ടു പേരാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതില്‍ വെങ്ങാനൂര്‍ സ്വദേശി അഞ്ജു ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചു. സ്വര്‍ണം കൈക്കലാക്കിയ ശേഷം അമേരിക്കയിലേക്ക് കടന്ന സിന്ധു, മകള്‍ക്കൊപ്പം താമസിക്കുകയായിരുന്നു. മരിച്ച അഞ്ജുവില്‍ നിന്നും 20ലക്ഷം കൈക്കലാക്കിയ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ച ഐശ്വര്യയില്‍ നിന്നും അമ്പത് പവനാണ് വാങ്ങിയത്. വെങ്ങാനൂര്‍ അമരവിളയിലുള്ള സൂര്യ ഫിനാന്‍സിലെ ജീവനക്കാരാണ് മരിച്ച അഞ്ജുവും ചികിത്സയില്‍ കഴിയുന്ന ഐശ്വര്യയും.പ്രതി സിന്ധുവിന്റെ മകന്‍ രാഷ്ട്രപതിയുടെ പൈലറ്റും ഭര്‍ത്താവ് വിരമിച്ച് സൈനിക ഉദ്യോഗസ്ഥനുമാണ്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സിന്ധു അറസ്റ്റിലായത്. ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നും പൊലീസിന് നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.



إرسال تعليق

0 تعليقات