കാസർ​ഗോ‍ഡ് വീട് കുത്തി തുറന്ന് മോഷണം; അഞ്ച് പവൻ സ്വർണം നഷ്‌ടപ്പെട്ടു.

 

കാസർ​ഗോ‍ഡ് ഉപ്പളയിൽ വീട് കുത്തി തുറന്ന് മോഷണം. അഞ്ച് പവൻ സ്വർണം നഷ്‌ടപ്പെട്ടു. പൈവളിഗെ കയ്യാറിലെ യൂസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് മോഷണം നടന്നത്. യൂസഫിന്റെ ഭാര്യ മൈമൂനയും രണ്ടു മക്കളും പള്ളിയിൽ സ്വലാത്തിന് പോയ സമയത്താണ് കവർച്ച.

പാലക്കാട് ഹോട്ടൽ ജോലി ചെയ്യുന്ന യൂസഫ് നാട്ടിൽ ഉണ്ടായിരുന്നില്ല. ഭാര്യയും മക്കളും ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. വീട്ടിലെ കിടപ്പുമുറി കുത്തി തുറന്ന് നിലയിലായിരുന്നു. അലമാരയിലെ വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ടിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ച് പവൻ സ്വർണം നഷ്ടപ്പെട്ടു.


വീടിന്റെ പിൻവശത്തെ ടെറസിലൂടെ മോഷ്ടാവ് ഒന്നാം നിലയിലെത്തി വാതിൽ തകർത്താണ് വീടിനകത്ത് കടന്നത്. മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് അലമാരകൾ തുറന്നതെന്ന് പരിശോധനയിൽ വ്യക്തമായി. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടിനെക്കുറിച്ച് വ്യക്തമായി അറിയുന്നവരാണോ മോഷണത്തിന് പിന്നിലെന്ന സംശയമുയരുന്നുണ്ട്. സമീപപ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.



Post a Comment

0 Comments