ലോക ജനസംഖ്യാ ദിനം: ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു.

 



കാസർഗോഡ് : ലോക ജനസംഖ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവണ്മെന്റ് കോളേജിൽ വെച്ച് സംഘടിപ്പിച്ചു. ചടങ്ങ് മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൈഫുള്ള തങ്ങൾ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഷീർ കനില അധ്യക്ഷത വഹിച്ചു.  ജില്ലാ ആര്‍ സി എച്ച് ഓഫീസർ ഡോ. സന്തോഷ് ബി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എം സി എച്ച് ഓഫീസർ സ്റ്റെല്ല  സംസാരിച്ചു. ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി പി ഹസീബ് സ്വാഗതവും മഞ്ചേശ്വരം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ വിമല നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ബോധവൽക്കരണ സെമിനാറിൽ മഞ്ചേശ്വരം ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രഭാകറ റായ് ക്ലാസ്സെടുത്തു. കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ഗോവിന്ദ പൈ മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് വിമെൻ സെൽ ആൻഡ് എൻ എസ് എസ് യൂണിറ്റ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.


1987 ജൂലൈ 11നാണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. ഇതിനെത്തുടർന്ന് 1989 മുതലാണ് ജനസംഖ്യ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കുന്നതിനായി ജനസംഖ്യാദിനം ആചരിച്ചുവരുന്നത്.  ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഏകദേശം 146 കോടി ജനങ്ങൾ ഇന്ന് ഇന്ത്യയിൽ ജീവിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും രാജ്യത്തിന്റെ ടോട്ടൽ ഫെർട്ടിലിറ്റി നിരക്ക് 2022ൽ  2 നു അടുത്തെത്തിയത് രാജ്യം വൈകാതെ ജനസംഖ്യാ സ്ഥിരത കൈവരിക്കും എന്നതിന്റെ സൂചനയാണ്.  


2026 ലെ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രതിപാദ്യ വിഷയം ‘പ്രസവങ്ങൾ തമ്മിൽ മതിയായ ഇടവേള അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും’ എന്നതാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും കേരളത്തിലും 15 മുതൽ 19 വയസിനിടയിലുള്ള പെൺകുട്ടികളുടെ പ്രസവം  റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അനാവശ്യ ഗർഭധാരണത്തെ തുടർന്നുള്ള ഗർഭഛിദ്രങ്ങളുടെ തോതും കൂടിവരുന്നുണ്ട്. പ്രത്യുത്പാദന ആരോഗ്യത്തെകുറിച്ചും ആഗ്രഹിക്കാത്തതും അനവസരത്തിലുള്ളതുമായ ഗർഭധാരണങ്ങൾ  ഒഴിവാക്കുന്നതിനെക്കുറിച്ചും ബോധവത്ക്കരണം തുടരേണ്ടതിന്റെ ആവശ്യകതയുമാണ് ഈ സാഹചര്യം നമ്മെ ബോധ്യപ്പെടുത്തുന്നത്. 

ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്തു കൊണ്ട് ജില്ലയിലെ മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളിലും വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രേഖ കെ ടി അറിയിച്ചു.



Post a Comment

0 Comments