ഓപ്പറേഷന്‍ തൂഫാനിടെ പൊലീസ് സംഘത്തിനെ ആക്രമിച്ച സംഭവം; മുഖ്യപ്രതി ലീവിന് നാട്ടിലെത്തിയ സൈനികന്‍.

 

പാലക്കാട്: ഓപ്പറേഷന്‍ തൂഫാനിടെ പൊലീസ് സംഘത്തിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി ലീവിന് നാട്ടിലെത്തിയ സൈനികന്‍. മണ്ണാര്‍ക്കാട് സ്വദേശി ജിനേഷാണ് വനിത എസ്‌ഐയെ ഉള്‍പ്പെടെ ആക്രമിച്ചത്. റാഞ്ചിയില്‍ നിന്നും അവധിക്ക് വന്ന ജിനേഷ് സുഹൃത്തുക്കള്‍ക്കൊപ്പം മലമ്പുഴയില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് സംഭവമുണ്ടായത്. ധോണിയില്‍ വെച്ച് സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു.

ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ കാറിലെത്തിയ പ്രതികള്‍ ഇത് ചോദ്യം ചെയ്യുകയും പൊലീസിനെ ആക്രമിക്കുകയുമായിരുന്നു. വാഹനം കൈകാണിച്ച് നിര്‍ത്തി പരിശോധന നടത്തിയ എസ്‌ഐ ജോണ്‍ സേവ്യറിനെയാണ് ആദ്യം ആക്രമിച്ചത്.പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന ജിനേഷ് ഇദ്ദേഹത്തിന്റെ മുഖത്തടിക്കുകയും കണ്ണട പൊട്ടിക്കുകയുമായിരുന്നു. ഇത് തടയാന്‍ ചെന്നപ്പോഴാണ് വനിതാ എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്കുനേരെ ആക്രമണമുണ്ടായത്.

ഇതിനിടെ ഒരു പ്രതി സേവ്യറിന്റെ കഴുത്തില്‍ ചവിട്ടി ഞെരിച്ചതായും പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഹോം ഗാര്‍ഡ് വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെത്തിയാണ് നാല് പ്രതികളെ അറസ്റ്റ് ചെയ്തത്.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം, ജോലി തടസ്സപ്പെടുത്താന്‍, അസഭ്യം പറയല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.



إرسال تعليق

0 تعليقات