കുറ്റിപ്പുറം: ടിപി ചന്ദ്രശേഖർ വധക്കേസ് പ്രതികോടി സുനിക്കെതിരെ നടപടി. ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ച സംഭവത്തിൽ ആണ് കൊടി സുനിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഇയാളെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റി. സുനി സഹതടവുകാരന്റെ ഫോൺ കാർഡ് ഉപയോഗിച്ച് ഫോൺ വിളിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നടപടി എടുത്തിരിക്കുന്നത്. ഒറ്റയ്ക്ക് ഒരു സെല്ലിൽ താമസപ്പിച്ചിരിക്കുന്ന സുനിക്ക് ഇനി പുറത്തിറങ്ങാനാകില്ല. മാത്രമല്ല ജയിലിലെ മറ്റ് സൗകര്യങ്ങളും ഇയാൾക്കു ലഭിക്കില്ല.
എല്ലാ അന്തേവാസികൾക്കും ജയിൽ വകുപ്പ് ഇത്തരത്തിൽ ഫോൺ വിളിക്കാൻ കാർഡ് നൽകാറുണ്ട്. ഒരാൾക്ക് ഈ കാർഡ് ഉപയോഗിച്ച് മൂന്നുപേരെയാണ് വിളിക്കാൻ കഴിയുന്നത്. ജയിൽ അധികൃതരുടെ കർശന നിരീക്ഷണത്തിലാണ് ഈ വിളികൾ നടക്കുന്നതും. കഴിഞ്ഞ കുറച്ച് നാളുകളായി കൊടി സുനി പരോളിൽ ഇറങ്ങാനും ജയിൽ മാറാനും ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായ ഫോൺ വിളികൾക്കായാണ് സഹതടവുകാരന്റെ ഫോൺ കാർഡ് ഉപയോഗിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
മുൻ സർക്കാരിന്റെ അവസാന കാലത്ത് കണ്ണൂരിലെ ജയിലിലേക്കു മാറാൻ കൊടി സുനി കഠിന പരിശ്രമം നടത്തിയിരുന്നു. അതിനിടെ സുനിയുടെ കയ്യിലെ ചരട് അഴിക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതും ഇയാൾക്ക് തിരിച്ചടിയായി. ജയിൽ ജോയിൻ്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കൊടി സുനിക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തിരുന്നു. കയ്യിൽ കെട്ടിയ ചരട് അഴിച്ചു മാറ്റണമെന്ന് ജയിൽ ഉദ്യോഗസ്ഥർ കൊടി സുനിയോട് പറഞ്ഞിരുന്നു. എന്നാൽ ഇയാൾ അനുസരിക്കാൻ തയ്യാറാവാത്തതിനാൽ കർശന നിർദേശം നൽകുകയും ചെയ്തു. ഇതോടെ ഇയാൾ ചരട് ഊരി ജയിൽ പ്രിസൺ ഓഫീസറുടെ ദേഹത്തേക്ക് എറിഞ്ഞു. പിന്നീട് വീണ്ടും കയ്യിൽ ചരട് കെട്ടി. ഇതൊഴിവാക്കാൻ നിർദേശിച്ചപ്പോൾ ജയിൽ ജോയിൻ്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കയ്യിൽ ചരടു കെട്ടുന്നത് വിലക്കിയതിൻ്റെ പേരിൽ വ്യാജ പരാതി നൽകുമെന്നും കുടുംബത്തെയടക്കം കൊല്ലുമെന്നും കൊടി സുനി ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയർന്നിരുന്നു.






0 Comments