തെരുവുനായ ശല്യം ചെറുക്കാൻ കോർപ്പറേഷനുമായി ചേർന്ന് പൈലറ്റ് പദ്ധതി തയ്യാറാക്കും.

 


തെരുവുനായ ശല്യം ചെറുക്കാൻ കണ്ണൂർ കോർപ്പറേഷനുമായി ചേർന്ന് പൈലറ്റ് പദ്ധതി തയ്യാറാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനം. 

ജില്ലയിൽ തെരുവുനായ ശല്യം ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ പരിധിയിൽ കോർപ്പറേഷനുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് പൈലറ്റായാണ് പദ്ധതി തയ്യാറാക്കുക. ജില്ലയിൽ ഡോഗ് ഷെൽട്ടർ ഇല്ലാത്ത തദ്ദേശസ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ പി വിഷ്ണുരാജ് ആവശ്യപ്പെട്ടു. അനിമൽ ബർത്ത് കണ്ട്രോൾ (എ. ബി. സി) പദ്ധതി ദീർഘകാലത്തിൽ മാത്രം ഫലം നൽകുന്നതാണെന്നും ഡോഗ് ഷെൽട്ടർ കേന്ദ്രങ്ങൾ സജ്ജീകരിക്കൽ, കൃത്യമായ മാലിന്യ സംസ്‌ക്കരണം, നായ ഉടമകളുടെ ഭാഗത്തുനിന്നുള്ള അവധാനതയോടെയുള്ള പെരുമാറ്റം എന്നിവയാണ് ഉടനടി ചെയ്യേണ്ടതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. 


സായുധസേനയിൽ നിന്ന് വിരമിച്ചവരെ അണിനിരത്തി ദുരന്തനിവാരണ സംഘം രൂപീകരിക്കാനുള്ള സാധ്യത പരിശോധിക്കാൻ യോഗം നിർദേശിച്ചു. മഴക്കാലത്ത് തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ മാലിന്യനീക്കം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കണം. പുളിങ്ങോം, കരിക്കോട്ടക്കരി മേഖലകളിലെ വലിയ തോട്ടങ്ങളിൽ കൊതുകുകൾ പെറ്റുപെരുകുന്നത് തടയാൻ ചെയ്യേണ്ട കാട് വെട്ടിത്തെളിക്കൽ പ്രവൃത്തി ഉടമകൾ സ്ഥലത്തില്ലാത്തത് കാരണം നടക്കുന്നില്ല. കഴിഞ്ഞ വേനലവധി കാലത്ത് ഉത്തരവ് ലംഘിച്ചു ക്ലാസുകൾ നടത്തിയതിന് വിശദീകരണം നൽകാത്ത അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളോട് വീണ്ടും വിശദീകരണം ചോദിക്കും. അപകടാവസ്ഥയിലുള്ള മരങ്ങളും മരച്ചില്ലകളും മുറിക്കുന്നത് തീരുമാനിക്കാൻ ട്രീ കമ്മിറ്റി കൃത്യസമയത്ത് യോഗം ചേരണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. 


യോഗത്തിൽ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ. കെ സുബൈർ, തലശ്ശേരി സബ് കളക്ടർ ഇൻ-ചാർജ് പ്രകാശൻ സി.വി, തളിപ്പറമ്പ് ആർ.ഡി.ഒ മോഹനൻ എൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സി സച്ചിൻ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സരിക പി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



إرسال تعليق

0 تعليقات