മട്ടന്നൂർ: നിയോജക മണ്ഡലത്തിലെ മട്ടന്നൂർ സ്പോർട്സ് കോംപ്ലക്സിന്റേയും കോളയാട് ഇൻഡോർ സ്റ്റേഡിയത്തിന്റേയും നിർമ്മാണം ത്വരിതപ്പെടുത്തുവാൻ തീരുമാനം.
വി.കെ. സനോജ് എംഎൽഎ .യുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കിഫ്‌ബി ആസ്ഥാനത്ത് വിളിച്ചുചേർത്ത ഉന്നതതല അവലോകന യോഗത്തിലാണ് പ്രവൃത്തികൾ വേഗത്തിലാക്കാൻ ധാരണയായത്. മുൻ സർക്കാരിന്‍റെ കാലത്ത് മട്ടന്നൂർ സ്പോർട്സ് കോംപ്ലക്സ് നിർമ്മാണത്തിന് 24.1 കോടി രൂപയുടെ ഭരണാനുമതിയും കിഫ്ബിയിൽ നിന്ന് ധനകാര്യ അനുമതിയും ലഭിച്ചിരുന്നു. തുടർന്ന് ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറുകാരൻ ഏറ്റെടുക്കുകയും തെരഞ്ഞെടുപ്പിന് മുൻപ് പ്രവൃത്തിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തുകയും ചെയ്തു. പിന്നീട് നിർമ്മാണം തടസ്സപ്പെടുകയായിരുന്നു.
ടെൻഡർ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ എത്രയും വേഗം നിർമാണ പ്രവൃത്തികൾ ആരംഭിക്കാൻ സ്പോർട്സ് കേരള ഫൗണ്ടേഷനോട് യോഗത്തിൽ എംഎൽഎ ആവശ്യപ്പെട്ടു. പഴശ്ശി ഇറിഗേഷൻ വകുപ്പ് നൽകിയ സ്ഥലത്താണ് സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കുന്നത്. നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി സ്ഥലത്തെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനും മണ്ണ് മറ്റൊരിടത്തേക്ക് മാറ്റുന്നതിനുമുള്ള നടപടികൾ സ്പോർട്സ് കേരള ഫൗണ്ടേഷൻ ഉടൻ സ്വീകരിക്കും.
കോളയാട് പഞ്ചായത്തിൽ നിർമ്മാണം നിലച്ചുപോയ 4.932 കോടി രൂപയുടെ ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി പുനരാരംഭിക്കാനും യോഗത്തിൽ തീരുമാനമായി. നിർവഹണ ഏജൻസിയായിരുന്ന കിറ്റ്കോയുടെ കരാറുകാരൻ മരണപ്പെട്ടതിനെ തുടർന്ന് കോടതിയിൽ കേസ് വന്നതിനാലാണ് നിർമ്മാണം നിലച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുൻ കരാറുകാരന്‍റെ ബില്ലുകൾ അടുത്ത മാസത്തോടെ തീർപ്പാക്കും. പദ്ധതിയുടെ പുതിയ നിർവഹണ ഏജൻസിയായി സ്പോർട്സ് കേരള ഫൗണ്ടേഷനെ ചുമതലപ്പെടുത്തും. 6.08 കോടി രൂപയുടെ പുതുക്കിയ ധനകാര്യ അനുമതിക്കായി എസ്റ്റിമേറ്റ് തയാറാക്കി കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ മാസം ബാക്കി പ്രവൃത്തികൾ ടെൻഡർ ചെയ്യാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി.
യോഗത്തിൽ വി.കെ. സനോജ് എംഎൽഎ യ്ക്ക് പുറമെ കോളയാട് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഹ്ലാദൻ, മട്ടന്നൂർ നഗരസഭ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ പി. ശ്രീനാഥ്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇൻ- ചാർജ് മിനി ആന്‍റണി, കിഫ്‌ബി ടെക്നിക്കൽ ഉദ്യോഗസ്ഥർ, സ്പോർട്സ് കേരള ഫൗണ്ടേഷൻ, കിറ്റ്കോ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.



.gif)


0 تعليقات