ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കള്‍. ഒരു കോടി രൂപയും ആഭരണങ്ങളും ആഢംബര വാച്ചുകളും പ്രോപ്പര്‍ട്ടികളുമായി ബന്ധപ്പെട്ട രേഖകളുമടക്കമാണ് പിടിച്ചെടുത്തത്.പട്‌നയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേട്ട് (സപ്ലൈ) രവീന്ദ്ര കുമാര്‍ ദിവാകറിന്റെയും, ദാനാപ്പൂരിലെ ജില്ലാ സബ്-രജിസ്ട്രാറായ അദ്ദേഹത്തിന്റെ ഭാര്യ കുമാരി സ്വീറ്റിയുടെയും വീട്ടിലാണ് റെയ്ഡ് നടന്നത്.പട്‌നയിലെ വസതിയും ബെഗുസാരായിയിലുള്ള ഇവരുടെ തറവാട്ടുവീട്ടിലും ബിഹാര്‍ വിജിലന്‍സ് ബ്യൂറോയുടെ സംഘങ്ങള്‍ ഒരേസമയമാണ് റെയ്ഡ് നടത്തിയത്. ബാങ്ക് അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും ഒപ്പം പണവും ആഭരണങ്ങളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പാട്‌നയിലെ വീട്ടില്‍ നിന്ന് 70 ലക്ഷം രൂപയും ആറ് ലക്ഷം രൂപ മൂല്യം വരുന്ന 48 ആഡംബര വാച്ചുകളും കണ്ടെത്തി. ബെഗുസാരായിയിലുള്ള വീട്ടില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപയും സ്വര്‍ണം, വെള്ളി ആഭരണങ്ങളും കണ്ടെടുത്തു. ഭൂമി, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍ ഇരുസ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തു. പട്‌നയില്‍ 1.07 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്‌ളാറ്റുകള്‍ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. അവ രവീന്ദ്ര കുമാര്‍ ദിവാകറിന്റെയും ഭാര്യയുടെയും പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പട്‌നയില്‍ ഏകദേശം 1.28 കോടി രൂപ വിലമതിക്കുന്ന മൂന്ന് പ്ലോട്ടുകള്‍ സ്വന്തമാക്കി – ഇവ ഭാര്യയുടെയും പിതാവിന്റെയും പേരിലാണ് രജിസ്റ്റര്‍ ചെയ്തത്.
കണ്ടെടുത്ത പണം എണ്ണുന്നതിനായി മെഷീനുകള്‍ എത്തിച്ചു. വിജിലന്‍സ് വിഭാഗത്തില്‍ നിന്നുള്ള ഒരു സംഘം പണം, ആഭരണങ്ങള്‍, മറ്റ് രേഖകള്‍ എന്നിവ പരിശോധിച്ചു. കണ്ടെടുത്ത പണത്തിന്റെയും സ്വര്‍ണാഭരണങ്ങളുടെയും കൃത്യമായ അളവും മൂല്യവും അന്വേഷണം പൂര്‍ത്തിയായ ശേഷമേ സ്ഥിരീകരിക്കാനാകൂ.






0 تعليقات