നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മദ്യലഹരിയില്‍ യാത്രക്കാരുടെ പരാക്രമം; FIRല്‍ കള്ളക്കളിയെന്ന് ആരോപണം

 

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മദ്യലഹരിയില്‍ മൂന്ന് യാത്രക്കാര്‍ നടത്തിയ പരാക്രമത്തില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തില്ലെന്ന് ആരോപണം. വിമാന കമ്പനി ജീവനക്കാരി നൽകിയ പരാതിയിലാണ് പൊലീസിന്റെ അനാസ്ഥ. പെൺകുട്ടിയോട് മൂവര്‍ സംഘം മോശമായി പെരുമാറിയതിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. ഇവര്‍ക്കെതിരെ യുവതി പരാതി നല്‍കിയെങ്കിലും സംഘത്തില്‍ ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയായ സന്തോഷിനെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നത്.

യുവതിയെ ലൈംഗിക ചുവയോടെ അധിക്ഷേപിച്ചു എന്നതടക്കം പരാതിയിലുണ്ട്. എന്നാല്‍ തുടക്കത്തില്‍ തന്നെ കേസ് ഒത്തുതീര്‍പ്പാക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ആരോപണമുണ്ട്. പ്രതികള്‍ പ്രബലരാണെന്ന് പൊലീസ് പരാതിക്കാരിയെ അറിയിച്ചിരുന്നു എന്നാണ് വിവരം. ഇതിന് പിന്നാലെ സംഭവത്തെ കുറിച്ച്  വാര്‍ത്ത നല്‍കിയതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്.സംഭവസമയം പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതികളുടെ ബാഗില്‍ നിന്നും ഇരുമ്പ് ദണ്ഡുകള്‍ സിഐഎസ്എഫ് കണ്ടെത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള അസഭ്യവര്‍ഷം പ്രതികൾ നടത്തി. കേരള പൊലീസ് എന്ന വ്യാജേനയായിരുന്നു മൂവർ സംഘത്തിന്റെ അഴിഞ്ഞാട്ടം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കഴിഞ്ഞ 24ന് അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. ഒരു മണിക്കൂറോളം യുവതിയെ മൂവര്‍ സംഘം മാനസികമായി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ അന്തസിനെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന രീതിയിലായിരുന്നു ഇവരുടെ അസഭ്യവര്‍ഷം. സിജെപി സമരവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് പോകുന്ന കേരള പൊലീസ് സംഘമാണ് തങ്ങളെന്ന പ്രതികളുടെ വാദം അന്വേഷിക്കാന്‍ വിമാനക്കമ്പനിയോ സിഐഎസ്എഫോ തയ്യാറായില്ലെന്നും പരാതിയുണ്ട്.പൊലീസ് എയ്ഡ് പോസ്റ്റില്‍ പരാതിപ്പെട്ടപ്പോഴാണ് പ്രതികള്‍ പ്രബലരാണെന്ന് പെണ്‍കുട്ടിയോട് ഉദ്യോഗസ്ഥർ പറഞ്ഞത്. തുടര്‍ന്നാണ് നെടുമ്പാശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ വീഡിയോ നശിപ്പിക്കണമെന്ന വ്യവസ്ഥയില്‍ പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ആരോപണം.



Post a Comment

0 Comments