PM ശ്രീയിൽ CPIMനെ വെട്ടിലാക്കി ലേഖനം; LDF മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ ഒപ്പിട്ടത് അപാകതയെന്ന് രതീഷ് കാളിയാടൻ


തിരുവനന്തപുരം: പിഎം ശ്രീയില്‍ സിപിഐഎമ്മിനെ വെട്ടിലാക്കി ലേഖനം. കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ ആകില്ലെന്നാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രതീഷ് കാളിയാടന്റെ ലേഖനത്തില്‍ പറയുന്നത്. സംസ്ഥാനങ്ങള്‍ക്ക് പിന്മാറാന്‍ അവസരമില്ലെന്നും എല്‍ഡിഎഫ് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ കരാര്‍ ഒപ്പിട്ടത് അപാകതയാണെന്നും ലേഖനത്തില്‍ പറയുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ അമരക്കാരന്‍ കൂടിയാണ് രതീഷ്. ധാരണാപത്രത്തില്‍ ഒപ്പുവെച്ച സ്ഥിതിയ്ക്ക് പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാകുമോ എന്നത് നിയമവിദഗ്ധര്‍ ആഴത്തില്‍ പരിശോധന നടത്തി വ്യക്തത വരുത്തേണ്ട സമസ്യയാണെന്നും പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തി 30 ദിവസത്തേക്ക് നോട്ടീസ് നല്‍കി ഈ കരാര്‍ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉളള അവകാശം ഇന്ത്യാ ഗവണ്‍മെന്റിന്റെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ ആന്‍ഡ് ലിറ്ററസിയില്‍ നിക്ഷിപ്തമാണെന്നുമിരിക്കെ സംസ്ഥാന സര്‍ക്കാരിന് ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറാന്‍ ആകില്ല എന്നതാണ് പ്രാഥമിക നിരീക്ഷണമെന്നും രതീഷ് കാളിയാടന്‍ ലേഖനത്തില്‍ പറയുന്നു. 'ഈ ധാരണാപത്രത്തില്‍ എവിടെയും സംസ്ഥാന സര്‍ക്കാരിന് പിന്മാറാനുളള അവസരം ഉള്‍പ്പെടുത്തിയിട്ടില്ല. XXVI. കരാറിലെ നിബന്ധനകളില്‍ എന്തെങ്കിലും ഭേദഗതി വരുത്തുകയോ പരിഷ്‌കരിക്കുകയോ മാറ്റുകയോ ചെയ്യുകയാണെങ്കില്‍ അത് ഇരുകക്ഷികളുടെയും പരസ്പര സമ്മതത്തോടെ നിറവേറ്റുന്നതാണ്. നിയമപരമായ സാധ്യതകള്‍ക്കപ്പുറം രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ് പിഎം ശ്രീ വിഷയത്തില്‍ മതേതര കേരളം പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ പ്രത്യേക സാമ്പത്തിക സമ്മര്‍ദ്ദ സാഹചര്യം പരിഗണിച്ച് ധാരണാപത്രത്തില്‍ ഒപ്പിട്ടുവെങ്കിലും പദ്ധതി നടപ്പിലാക്കുകയില്ലെന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വി ഡി സതീശന്‍ സര്‍ക്കാറിന് തുടരാനാകും. പിഎം ശ്രീ പദ്ധതിയും അനുബന്ധ ചര്‍ച്ചകളും അക്കാദമിക വിഷയം എന്നതിനപ്പുറം രാഷ്ട്രീയ പ്രശ്‌നമായി മാറിയിട്ടുണ്ട്': രതീഷ് കാളിയാടന്‍ ലേഖനത്തില്‍ പറയുന്നു. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് സര്‍ക്കാരിന് മുന്നില്‍ രണ്ട് മാര്‍ഗങ്ങളേയുളളു. ഒന്ന് ധാരണാപത്രം ഒപ്പിട്ടതിനാല്‍ പദ്ധതി നടപ്പിലാക്കി ദേശീയ വിദ്യാഭ്യാസ നയം 2020-ലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന മാതൃകാ വിദ്യാലയങ്ങളായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളെ പരിവര്‍ത്തിപ്പിക്കുക(അതുവഴി കേന്ദ്രസര്‍ക്കാരിന്റെ പ്രീതി പിടിച്ചുപറ്റി പണം കൈപ്പറ്റുകയും നിങ്ങള്‍ ഒപ്പിട്ടത് ഞങ്ങള്‍ക്കായി മാര്‌റാന്‍ നിയമം അനുവദിക്കുന്നില്ലെന്ന തൊടുന്യായം പറഞ്ഞ് കേന്ദ്രത്തിന് വിധേയപ്പെടുകയും ചെയ്യാം). രണ്ട് വരുംവരായ്കകള്‍ എന്തൊക്കെ തന്നെയായാലും പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന ദൃഢവും സുവ്യക്തവുമായ രാഷ്ട്രീയ തീരുമാനം കൈക്കൊളളുക. എന്തായാലും സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളി ചെറുതല്ല' എന്നും രതീഷ് കാളിയാടന്‍ ലേഖനത്തില്‍ പറയുന്നു.



Post a Comment

0 Comments