ബിരുദം മാത്രമല്ല, ഉത്തരവാദിത്വവും; 311 യുവ എഞ്ചിനീയര്‍മാര്‍ പുതിയ ദൗത്യത്തിലേക്ക്


കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ 2026 ബാച്ചിന്റെ ബിരുദദാനം കോളേജ് ഓഡിറ്റോറിയത്തില്‍  നടന്നു. വിവിധ എഞ്ചിനീയറിങ് വിഭാഗങ്ങളിലായി പഠനം പൂര്‍ത്തിയാക്കിയ 311 വിദ്യാര്‍ത്ഥികള്‍ക്ക്  ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇതില്‍ 250 ബി.ടെക്., 58 എം.ടെക്., 3 പി.എച്ച്.ഡി.ബിരുദ ധാരികളാണുള്ളത്. ഐ ഐ ടി ബോംബെ മുന്‍ ഡയറക്ടറും മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ  ചെയര്‍മാനുമായ പ്രൊഫ. സുഭാഷിസ് ചൗധരി മുഖ്യാതിഥിയായി. മെഡല്‍ ഓഫ് ഓണര്‍, സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ്, ബിരുദാനന്തര ബിരുദ ധാരികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അദ്ദേഹം വിതരണം ചെയ്തു. കോളേജിന്റെ രണ്ടാം ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും തിരുവനന്തപുരം ഓഗ്‌സെന്‍സ് ലാബ് സ്ഥാപകനുമായ എഞ്ചിനീയര്‍ സുധീര്‍ കൃഷ്ണന്‍  വിശിഷ്ടാതിഥിയായി. സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ 52 ബി.ടെക്., 28 എം.ടെക്., ഒരു പി.എച്ച്.ഡി ഉള്‍പ്പെടെ 81 പേരും, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ 39 ബി.ടെക്. ഉള്‍പ്പെടെ 43 പേരും ബിരുദം നേടി. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ 44 ബി.ടെക്., 7 എം.ടെക്, 2 പി.എച്ച്.ഡി. ഉള്‍പ്പെടെ 53 പേരും, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ 60 ബി.ടെക്., 13 എം.ടെക്. ഉള്‍പ്പെടെ 73 പേരും, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് വിഭാഗത്തില്‍ 55 ബി.ടെക്, 6 എം.ടെക് ഉള്‍പ്പെടെ 61 പേരും ബിരുദം ഏറ്റുവാങ്ങി. 2026 ബാച്ചിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനി ജ്യോതിശ്രീ കെ ബിരുദ വിഭാഗത്തിലെ ജി സി ഇ കെ ബി ടെക്ക് മെഡല്‍ ഓഫ് ഓണറിനും ബിരുദാനന്തരബിരുദ വിഭാഗത്തില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റാസെയ്ന്‍സ് വിദ്യാര്‍ത്ഥിനി സ്‌നേഹ ശശിധരന്‍, ജിസിഇകെ എംടെക്ക് മെഡല്‍ ഓഫ് ഓണറിനും അര്‍ഹയായി.കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. ശ്രീകുമാര്‍ സ്വാഗതവും ഗ്രാജുവേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. എ. രഞ്ജിത്ത് റാം നന്ദിയും പറഞ്ഞു. ബിരുദ ധാരികളെ പ്രതിനിധീകരിച്ച്  റിഷാന റഹ്‌മാന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തി.



إرسال تعليق

0 تعليقات