വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ്: അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക്


കോഴിക്കോട്: വടകര അധ്യാപികമാര്‍ പ്രതികളായ ലഹരിക്കേസില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കാന്‍ പൊലീസ്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലാവാനുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം. തുടക്കത്തില്‍ മംഗളൂരു, ബെംഗളൂരു തുടങ്ങിയ സംസ്ഥാനങ്ങളിലായിരിക്കും അന്വേഷണം നടത്തുക. ഇവിടങ്ങളിലെ വന്‍ ലഹരി സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. റിമാൻഡിൽ കഴിയുന്ന കീര്‍ത്തനയുടെ ഫോണില്‍ നിന്നും അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ പ്രതികളെയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യുമെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. കീര്‍ത്തനയുടെ അക്കൗണ്ടില്‍ നിന്നും അഞ്ചുമാസത്തിനിടെ 15 ലക്ഷം രൂപയുടെ ഇടപാട് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പൂര്‍ണ്ണ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു. ജില്ലയുടെ വിവിധ ഇടങ്ങളില്‍ പൊലീസും എക്‌സൈസും രജിസ്റ്റര്‍ ചെയ്ത വിവിധ എംഡിഎംഎ കേസുകളിലെ പ്രതികളുമായി ഇവര്‍ ഇടപാട് നടത്തിയതായും ലഹരി ഇടപാട് നടത്തുന്ന ആളുകള്‍ മൊബൈല്‍ ഓഫാക്കി ഒളിവില്‍ തുടരുകയാണെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. തനിക്ക് കേസില്‍ പങ്കില്ലെന്നും തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും കഴിഞ്ഞ ദിവസം കീര്‍ത്തന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ കീര്‍ത്തനയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നത്തിയ അന്വേഷണത്തിലാണ് പൊലീസിന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്. കീര്‍ത്തനയുടെ ഫോണില്‍ നിന്ന് ലഹരി ഇടപാടുകള്‍ സംബന്ധിച്ച ചാറ്റുകള്‍ കണ്ടെത്തിയിരുന്നു. കുട്ടികളെ ഉപയോഗിച്ച് കച്ചവടം നടത്തിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ കീര്‍ത്തനയെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പില്‍ നിര്‍ണായക വിവരങ്ങളാണ് ഉള്ളത്. പ്രതികളുമായി നടത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ഗൂഗിള്‍ പേ ഇടപാടെന്നും അന്വേഷണസംഘം അപേക്ഷയില്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണി വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ കീര്‍ത്തന ഉള്‍പ്പെടെ മൂന്ന് അധ്യാപികമാരും ജിജിൽ, സഫ്‌വാന്‍ എന്നീ യുവാക്കളുമാണ് അറസ്റ്റിലായിരിക്കുന്നത്.



Post a Comment

0 Comments