ന്യൂഡല്‍ഹി: രാജ്യത്തെ യുവ വോട്ടര്‍മാരോടുള്ള രാഷ്ട്രീയ സമീപനത്തില്‍ ശ്രദ്ധേയമായ മാറ്റവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുവജനങ്ങളുടെ ആവശ്യങ്ങളില്‍ ഇടപെട്ട് കൂടുതല്‍ ജനകീയ വിഷയങ്ങളില്‍ പങ്കാളിയാവുകയെന്ന തന്ത്രമാണ് രാഹുല്‍ ഗാന്ധി പരീക്ഷിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ജെന്‍ സി തലമുറയെയും സ്ത്രീകളെയും ലക്ഷ്യമാക്കി നേരിട്ടുള്ള സംവാദങ്ങള്‍ക്കും ഡിജിറ്റല്‍ ഇടപെടലുകള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് രാഹുലിൻ്റെ പുതിയ തന്ത്രം. പൊതുയോഗങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ വിദ്യാര്‍ത്ഥികളുടെ ദൈനംദിന ആശങ്കകള്‍ നിലനില്‍ക്കുന്ന വിഷയങ്ങളിലേയ്ക്കാണ് രാഹുല്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മത്സരപരീക്ഷകളിലെ പ്രതിസന്ധി, ചോദ്യപേപ്പര്‍ ചോര്‍ച്ച, വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികള്‍ എന്നീ വിഷയങ്ങളാണ് പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. ഈ നീക്കങ്ങള്‍ക്ക് കൂടുതല്‍ ശക്തി ലഭിച്ചത് 'ഛാത്രോം കി ഗൂഞ്ച്' എന്ന പദ്ധതിയിലൂടെയാണ്. വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയുള്ള ഈ പ്രവര്‍ത്തനങ്ങള്‍ ആദ്യം കോട്ട, ഡെറാഡൂണ്‍, പ്രയാഗ്‌രാജ് എന്നിവിടങ്ങളിൽ ആരംഭിക്കുകയും തുടര്‍ന്ന് ഒരു യുവജന സംവാദ വേദിയായി മാറുകയും ചെയ്തു. യുവാക്കളുമായി നേരിട്ടുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ഈ പുതിയ ശ്രമങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാവി രാഷ്ട്രീയ തന്ത്രങ്ങളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ യുവ വോട്ടര്‍മാരിലേക്കുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനത്തില്‍ ശ്രദ്ധേയമായ മാറ്റം പ്രകടമാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ഈ മാറ്റത്തിന് പ്രധാനമായും ചുക്കാന്‍ പിടിക്കുന്നത്. സമീപകാലത്ത്, പൂനെ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന പരിപാടികളില്‍ യുവതിൾ അഭിമുഖീകരിക്കുന്ന വിഷയങ്ങളിലാണ് കോൺഗ്രസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കരിയര്‍ മുന്നേറ്റത്തിലെ വെല്ലുവിളികള്‍, സ്ത്രീ സുരക്ഷ, സമൂഹത്തിന്റെ പ്രതീക്ഷകള്‍ എന്നിവയെക്കുറിച്ച് തുറന്ന സംവാദങ്ങള്‍ക്ക് പ്രത്യേക വേദി ഒരുക്കി. പൂനെയിലെ ഈ ചര്‍ച്ചയിലേക്ക് കൂടുതല്‍ യുവതികളെ രാഹുല്‍ ഗാന്ധി ക്ഷണിച്ചിരുന്നു. ചെറിയ പ്രായത്തിലെ വിവാഹം, സുരക്ഷയില്ലായ്മ, ആരോഗ്യ സൗകര്യങ്ങളുടെ കുറവ്, വ്യക്തിപരമായ തിരഞ്ഞെടുപ്പുകളിലെ നിയന്ത്രണങ്ങള്‍ തുടങ്ങിയ ആശങ്കകളാണ് ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നതെന്ന് രാഹുല്‍ പങ്കുവെച്ചിരുന്നു. സാധാരണയായുള്ള പ്രസംഗങ്ങളെ ഒഴിവാക്കി നേരിട്ടുള്ള സംവാദങ്ങളിലൂടെ യുവ വോട്ടര്‍മാരുമായി ബന്ധം സ്ഥാപിക്കുകയാണ് ഈ നീക്കങ്ങളുടെ ലക്ഷ്യം. ഗിഗ് ഇക്കോണമിയിലെ അനിശ്ചിതത്വം മുതല്‍ മാനസികാരോഗ്യം വരെ ഉള്‍പ്പെടുന്ന സമകാലീന വിഷയങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ ചര്‍ച്ചകളില്‍ ഉള്‍പ്പെടുന്നത്. യുവാക്കളുമായും ഭാവിയിലെ വോട്ടര്‍മാരുമായും കൂടുതല്‍ അടുപ്പം സൃഷ്ടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഈ സമീപനം പുതിയ രാഷ്ട്രീയ ദിശ തന്നെ തെളിയിക്കുമെന്നാണ് കരുതുന്നത്.


.gif)


0 تعليقات