തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഇടയിലെക്കാട് കാവിലെ വാനരപ്പടക്ക് ഇക്കുറിയും തൂശനിലയിൽ ഓണസദ്യ വിളമ്പി. സദ്യയുടെ കൗതുകം പകർത്താനെത്തിയ ക്യാമറക്കാരെ കണ്ട് അമ്പരന്ന് വാനരപ്പട സദ്യ കഴിക്കണോ എന്ന് ഒരു നിമിഷം ശങ്കിച്ചത് പ്രേക്ഷകരിൽ ചിരിയുണർത്തി. സാധാരണയായി കിട്ടാത്ത പഴുത്ത ചക്കച്ചുളകൾ ആർത്തിയോടെ കഴിച്ച് ഏമ്പക്കമിട്ടും വിക്രിയകൾ കാട്ടിയും വാനരസംഘം ആഘോഷത്തെ ഒന്നാകെ തൂക്കി. പ്രശസ്ത സിനിമാ നടൻ പി പി കുഞ്ഞികൃഷ്ണൻ കുട്ടികളുടെ ഘോഷയാത്രയിൽ ഓണപ്പാട്ടുകളും ശാസ്ത്രഗാനങ്ങളും ആലപിച്ച് സദ്യയ്ക്ക് താരപ്പൊലിമ പകർന്നു . വാനരപ്പടയെ വിളിച്ച് വാഴയിലയിൽ ഉപ്പു ചേർക്കാത്ത ചോറ് വിളമ്പി സദ്യവട്ടങ്ങൾക്ക് തുടക്കമിട്ടതും കുഞ്ഞികൃഷ്ണൻ തന്നെ. മനുഷ്യരോട് ഏറെ ഇണക്കമുള്ള ഇടയിലെക്കാട് കാവിലെ വാനരൻമാർക്ക് രണ്ടു പതിറ്റാണ്ടുകാലം മുറതെറ്റാതെ ചോറൂട്ടിയ ചാലിൽ മാണിക്കമ്മയുടെ വീട്ടിൽ വെച്ചാണ് സദ്യയ്ക്കുള്ള പഴങ്ങളും പച്ചക്കറികളും മുറിച്ചത്. അസുഖം മൂലം ശയ്യാവലംബിയായ മാണിക്കമ്മയെ സന്ദർശിച്ച് വിശിഷ്ടാതിഥികൾ സാന്ത്വനം പകർന്നു. മാണിക്കമ്മയുടെ കുടുംബാംഗങ്ങളാണ് സദ്യയ്ക്കായി തയാറാക്കിയ വിഭവങ്ങൾ കൈമാറിയത്. ഓണപ്പാട്ടുകൾ പാടി കുട്ടികളും മുതിർന്നവരും വിഭവങ്ങൾ കയ്യിലേന്തി ഘോഷയാത്രയോടെ കാവിലേക്ക് നീങ്ങി. ഇക്കുറി പത്തൊമ്പതാം വർഷത്തിലേക്ക് കടന്ന വാനരസദ്യയിൽ 19 വിഭവങ്ങളാണ് വിളമ്പിയത്. ചോറിന് പുറമെ ചക്ക, ക്യാരറ്റ്, പപ്പായ, തക്കാളി, ബീറ്റ്റൂട്ട്, കക്കിരിക്ക, വെള്ളരിക്ക, ഉറുമാൻ പഴം, പേരയ്ക്ക, സപ്പോട്ട, നെല്ലിക്ക, ചെറുപഴം, വത്തക്ക, പൈനാപ്പിൾ, സബർജില്ലി, മത്തൻ,കോവയ്ക്ക, നക്ഷത്രപ്പുളി എന്നിവയായിരുന്നു വട്ടത്തിലും നീളത്തിലുമൊക്കെയായി മുറിച്ച് വിളമ്പിയത്. ഹരിത പെരുമാറ്റം ചട്ടം പാലിച്ച് സ്‌റ്റീൽ ഗ്ലാസ്സിൽ വെള്ളവും നൽകി. പഴങ്ങളും പച്ചക്കറികളും ആവോളം കഴിച്ചും ഗ്ലാസ്സെടുത്ത് വെള്ളം കുടിച്ചും അണ്ണാക്കിൽ നിറയെ ഭക്ഷണ സാധനങ്ങൾ ചവയ്ക്കാതെ വെച്ചും വയറു നിറച്ചും ചിലർ കൊഞ്ഞനം കുത്തി. വലിയപറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പറും ബാലവേദി കൺവീനറുമായ എം ബാബുവിൻ്റെ സ്വാഗതഭാഷണത്തോടെയായിരുന്നു സദ്യയുടെ തുടക്കം. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ, ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സുനിൽ പട്ടേന, സെക്രട്ടറി പി വേണുഗോപാലൻ, ജോയൻ്റ് സെക്രട്ടറി പി വി ദിനേശൻ, സിനിമാനടൻ കെ യു മനോജ്, പത്മനാഭൻ വെളിച്ചപ്പാടൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ സുലോചന, ഗ്രന്ഥാലയം സെക്രട്ടറി വി കെ കരുണാകരൻ, പ്രസിഡൻ്റ് കെ സത്യവ്രതൻ, പരിസ്ഥിതി പ്രവർത്തകരായ ആനന്ദ് പേക്കടം, കെ വി കൃഷ്ണപ്രസാദ് വൈദ്യർ എന്നിവർ സംസാരിച്ചു. ഒരുദിവസം മാത്രം ഇങ്ങിനെ കൂനകൂട്ടി കൊടുത്ത് ബാക്കി പാഴാക്കിക്കളയുന്നതിന് പകരം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും അത്യാവശ്യം പഴവർഗങ്ങൾ ഇവിടെ ഇവർക്കായി ആരെങ്കിലും മുൻകൈ എടുത്ത് എത്തിച്ചു കൊടുത്തിരുന്നെങ്കിൽ വാനരവർഗങ്ങളുടെ നിലനിൽപ്പ് സാധ്യമാക്കുകയും, പരിസരപ്രദേശങ്ങളിലെക്കുള്ള ഇവരുടെ ഭക്ഷണത്തിനായുള്ള കടന്നുകയറ്റത്തിന് അൽപ്പമെങ്കിലും ഒരു ശമന മുണ്ടാകുകയും ചെയ്യുമായിരുന്നു.


.gif)


0 Comments