മധുരപാനീയങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. ദിവസവും കുടിക്കുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. എന്നാൽ ദിവസവും പഞ്ചസാര ചേർത്ത മധുരപാനീയങ്ങൾ കഴിക്കുന്നത് വയറ്റിലെ ക്യാൻസർ സാധ്യത രണ്ടര മടങ്ങോളം വർധിപ്പിക്കുമെന്നാണ് പുതിയ പഠനം. അമേരിക്കയിലെ 1.12 ലക്ഷത്തിലധികം മുതിർന്നവരിൽ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ദിവസവും ഒരു മധുരപാനീയമെങ്കിലും കഴിക്കുന്നവരെയും മാസത്തിൽ ഒരിക്കൽ പോലും ഇത്തരം പാനീയങ്ങൾ കഴിക്കാത്തവരെയുമാണ് പഠനത്തിന് വിധേയമാക്കിയത്. ദിവസവും കഴിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 2.45 മടങ്ങ് ക്യാൻസർ സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. പഠനകാലയളവിൽ തന്നെ 278 പേർക്ക് വയറ്റിലെ ക്യാൻസർ കണ്ടെത്തുകയും ചെയ്തു. ദിവസവും മധുരപാനീയം കഴിക്കുന്ന സ്ത്രീകളിൽ ക്യാൻസർ സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലാണെന്നും പഠനം പറയുന്നു. പഞ്ചസാര കലർത്തിയ ഇത്തരം പാനീയങ്ങളിൽ ഫ്രക്ടോസ് കൂടുതലായി ഉപയോഗിക്കുന്നതാണ് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നത്. മധുരപാനീയങ്ങളുടെ അമിത ഉപയോഗം അമിതവണ്ണത്തിനും പ്രമേഹത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പമാണ് ഇപ്പോൾ പഞ്ചസാര കൂടുതലുള്ള മധുരപാനീയങ്ങളുടെ അമിത ഉപയോഗം ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയത്.


.gif)


0 تعليقات