സുകുമാരിയുടേത് ആത്മഹത്യയോ? ദുരൂഹതകളിലേക്ക് വിരൽചൂണ്ടി വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്.

 

സൂപ്പർഹിറ്റ് ചിത്രം ആകാശഗംഗയുടെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് സംവിധായകൻ വിനയൻ അടുത്തിടെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ചിത്രത്തിലെ നായികയായിരുന്ന മയൂരിയുടെ അകാലത്തിലുള്ള വിയോഗം ഉൾപ്പെടെ പരാമർശിച്ച വിനയൻ, നടി സുകുമാരിയുടെ മരണത്തെക്കുറിച്ച് ​ഗുരുതരമായ സംശയങ്ങളാണ് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്.

എല്ലാവരേയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ആ വലിയ മനസ് ജീവിതാവസാന കാലത്ത് ഏറെ ദുഖിതയായിരുന്നുവെന്ന് വിനയൻ തന്റെ പോസ്റ്റിൽ കുറിക്കുന്നു. “പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ചു മരിച്ചു എന്ന വാർത്ത ശരിയാണോ? എനിക്കറിയില്ല.. അതോ ചേച്ചിയും എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ?” എന്ന് വിനയൻ ചോദിച്ചു.കൂടാതെ, 23-ാം വയസ്സിൽ മയൂരി ജീവനൊടുക്കി എന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് വിനയൻ പറയുന്നു. ​1998ൽ ആകാശഗംഗയുടെ ഷൂട്ടിംഗ് തുടങ്ങി എട്ടാം ദിവസമാണ് ഗംഗ എന്ന കഥാപാത്രത്തിന് അനുയോജ്യമായ നടിയെ കണ്ടെത്തുന്നത്. മലയാള സിനിമയിലുണ്ടായിരുന്നവരും പുതുമുഖങ്ങളുമായ നിരവധി പേരെ പരിശോധിച്ച ശേഷമാണ് മയൂരിയിലേക്ക് എത്തിയത്.യക്ഷിയുടെ കണ്ണുകളും ചിരിയും ആവശ്യമായിരുന്ന ആ കഥാപാത്രത്തിനായി ആരെയും കിട്ടാതെ ഷൂട്ടിംഗ് നിർത്തിവയ്ക്കേണ്ട ഘട്ടത്തിലാണ് സുകുമാരിച്ചേച്ചി തുണയായത്. ചെന്നൈയിൽ അങ്ങനെയൊരു കുട്ടിയുണ്ടെന്നും അഭിനയിപ്പിച്ചു നോക്കാമെന്നും പറഞ്ഞ് മയൂരിയെ വിളിപ്പിച്ചത് സുകുമാരി ചേച്ചിയായിരുന്നുവെന്നും വിനയൻ ഓർമിച്ചു. പുതിയതായി ഒരുങ്ങുന്ന ഫാന്റസി ചിത്രത്തിൽ ആകാശഗംഗ വീണ്ടുമെത്തുന്നുണ്ടെന്നും, ആ കഥാപാത്രത്തിനായി പുതിയ അന്വേഷണങ്ങൾ നടത്തുമ്പോഴാണ് പഴയ ഗംഗയേയും അവരെ പരിചയപ്പെടുത്തിയ സുകുമാരിചേച്ചിയേയും ഓർത്തുപോയതെന്നും വ്യക്തമാക്കിയാണ് വിനയൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.അതേസമയം 2013 മാർച്ച് 26ന് തന്റെ 76-ാം വയസിലാണ് സുകുമാരി വിടവാങ്ങുന്നത്. ഫെബ്രുവരി 27ന് ചെന്നൈയിലെ വീട്ടിലെ പൂജാമുറിയിൽ വിളക്ക് കൊളുത്തുന്നതിനിടയിൽ വസ്ത്രത്തിൽ തീ പടർന്നുണ്ടായ പൊള്ളലിനെ തുടർന്ന് ചികിത്സയിലായിരുന്നു. റോഷൻ ആൻഡ്രൂസ് ചിത്രം മുംബൈ പൊലീസിൽ അഭിനയിച്ച ശേഷം വീട്ടിലെത്തിയപ്പോഴായിരുന്നു ഈ ദാരുണമായ സംഭവം. ഒരു മാസത്തോളം നീണ്ട ചികിൽസയ്ക്കൊടുവിൽ ശസ്ത്രക്രിയയ്ക്കിടെയായിരുന്നു അന്ത്യം. എന്നാൽ വിനയന്റെ പുതിയ പോസ്റ്റ് ഈ വിയോഗത്തിന് പിന്നിലെ ദുരൂഹതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.



إرسال تعليق

0 تعليقات