പുതിയ കെപിസിസി അധ്യക്ഷന്‍ ഉടന്‍? ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക്, അരഡസനിലേറെ നേതാക്കള്‍ പരിഗണനയില്‍

 

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കും. അന്തിമ ചര്‍ച്ചകളിലേക്ക് കടക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. നേതാക്കളില്‍ നിന്നും അഭിപ്രായം സ്വരൂപിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി കേരളത്തിലേക്ക് വരും. നേരത്തേയും ദീപാ ദാസ് മുന്‍ഷി മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയെങ്കിലും ചര്‍ച്ചകള്‍ മുന്നോട്ടു പോയിരുന്നില്ല. അരഡസനിലേറെ നേതാക്കള്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് വിവരം.

ബെന്നി ബെഹ്നാന്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴക്കന്‍ എന്നിവരുടെ പേരുകളാണ് പ്രാഥമിക പരിഗണനയിലുള്ളത്. മാത്യൂ കുഴല്‍നാടന്‍, ആന്റോ ആന്റണി എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ തീരുമാനം ഇതില്‍ നിര്‍ണ്ണായകമാവും. മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മന്ത്രി ആയതോടെയാണ് ഹൈക്കമാന്‍ഡ് നേതൃമാറ്റം തീരുമാനിച്ചത്. കെപിസിസിയുടെ രണ്ട് വര്‍ക്കിംഗ് പ്രസിഡണ്ടുമാരും മന്ത്രിമാരാണ്. ഏഴ് ഡിസിസി അധ്യക്ഷന്മാര്‍ എംഎല്‍എമാരുമായി മാറി. പുനഃസംഘടന വൈകിയതോടെ സംഘടനാ പ്രവര്‍ത്തനവും മന്ദഗതിയിലാണ്. ഈ സാഹചര്യത്തില്‍ ഉടന്‍ നേതൃമാറ്റമുണ്ടാകുമെന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസിലും ഉടന്‍ നേതൃമാറ്റം ഉണ്ടാകും. സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷിനെയും ചുമതലയില്‍ നിന്നും നീക്കും.



Post a Comment

0 Comments