'BJP ബന്ധം ചൂണ്ടിക്കാട്ടി ഇല്ലാതാക്കി കളയുമെന്ന് ഭീഷണി'; റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി


കൊച്ചി: ബിജെപി യുവ നേതാവും നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ആയിരുന്ന റോബിന്‍ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. കണ്‍ടെന്റ് ക്രീയേറ്റര്‍ വേദ് ലക്ഷ്മി, പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അഭില്‍ദേവ് എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. പണം തിരികെ ചോദിച്ചപ്പോള്‍ ഹണി ട്രാപ്പില്‍ കുരുക്കും എന്ന് ഭീഷണിപ്പെടുത്തിയെന്ന് വേദ് ലക്ഷ്മി ആരോപിക്കുന്നു. തനിക്ക് 45 ലക്ഷം രൂപ നഷ്ടമായെന്നാണ് അഭില്‍ദേവ് പറയുന്നത്. ചെറിയ ചെറിയ തുകകള്‍ വാങ്ങിയശേഷം തിരികെ തന്ന് വിശ്വാസം ഉണ്ടാക്കിയെന്നും പിന്നീട് പലപ്പോഴായി വലിയ തുകകള്‍ വാങ്ങിയെന്നും ഇവര്‍ ആരോപിക്കുന്നു. സൗഹൃദത്തിന്റെ പേരിലാണ് പണം നല്‍കിയത്. തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ആതേസമയം വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് ഇടപെട്ടു. പണം തിരികെ നല്‍കാന്‍ റോബിന് സമയം കൊടുക്കണം എന്നാണ് എസ് സുരേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അസഭ്യം പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും മൊഴി നല്‍കാന്‍ പോലും റോബിന്‍ ഹാജരായില്ലെന്നും ഇവര്‍ പറയുന്നു. പാര്‍ട്ടി ബന്ധം ചൂണ്ടിക്കാണിച്ച് ഇല്ലാതാക്കി കളയുമെന്ന് ഭീഷണിപ്പെടുത്തി എന്നും ഇരുവരും പറഞ്ഞു. റോബിന്‍ പണം വാങ്ങിയെന്നും തിരികെ നല്‍കാമെന്നും സമ്മതിക്കുന്ന വീഡിയോദൃശ്യങ്ങള്‍ ലഭിച്ചു. ഇതിനിടെ റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍ എത്തിയത് സാമ്പത്തിക ലക്ഷ്യം വെച്ചാണെന്ന് സൂചിപ്പിക്കുന്ന റോബിന്റെ ഒരു ശബ്ദ സന്ദേശം വേദ് ലക്ഷ്മി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. പാര്‍ട്ടി ആശയങ്ങളെക്കുറിച്ച് അറിവില്ലെന്നും സ്ഥാനാര്‍ഥിയായാല്‍ രാഷ്ട്രീയക്കാരനെപ്പോലെ സംസാരിക്കുമെന്നുമുള്ള രീതിയിലുള്ള സംഭാഷണങ്ങളാണ് പുറത്തുവന്ന ശബ്ദരേഖയിലുള്ളത്. തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് റോബിന്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി വേദ ലക്ഷ്മിക്കെതിരെ പരാതി നല്‍കിയിരുന്നു. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാലാരിവട്ടം സ്റ്റേഷനില്‍ നേരിട്ടെത്താന്‍ റോബിന്‍ വേദയെ വെല്ലുവിളിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ എതിര്‍കക്ഷിയോട് ഹാജരാകാന്‍ പൊലീസ് സമന്‍സ് അയച്ചിട്ടുണ്ട്. എന്നാല്‍ റോബിന്റെ വെല്ലുവിളിക്കും പരാതിക്കും മറുപടിയായി വേദ ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പുതിയൊരു വിഡിയോ പങ്കുവെച്ചിരുന്നു. തനിക്ക് ജോലിയുള്ളതിനാല്‍ വിളിച്ചയുടന്‍ സ്റ്റേഷനില്‍ വരാന്‍ സാധിക്കില്ലെന്നും സൗകര്യമുള്ള സമയത്ത് പൊലീസിന് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും വേദ വ്യക്തമാക്കി. തന്റേത് ചെറിയൊരു തുടക്കം മാത്രമാണെന്നും ഇനി വരാനിരിക്കുന്ന കാര്യങ്ങളെ നേരിടാന്‍ തയാറായിക്കൊള്ളാനും വേദ മുന്നറിയിപ്പ് നല്‍കി. ആളുകളുടെ കയ്യില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കിയ ശേഷമേ റോബിന്‍ സംസാരിക്കാവൂ എന്നും, ഈ വിഷയത്തില്‍ നിന്ന് റോബിന് രക്ഷപ്പെടാന്‍ ആകില്ലെന്നും ശക്തമായ ഭാഷയില്‍ വേദ പ്രതികരിച്ചു. 'പണ്ട് മുട്ടനാടുകള്‍ തമ്മില്‍ ഇടിപ്പിച്ചിട്ട് ചോര കുടിക്കാന്‍ നില്‍ക്കുന്ന കുറുക്കന്റെ കഥയൊക്കെയുണ്ട്. പക്ഷേ ഇത് 2026 ആണ്. മുട്ടനാടുകള്‍ കാര്യങ്ങള്‍ ആലോചിച്ചു മാത്രമേ ചെയ്യത്തുള്ളൂ. അതിനിടയില്‍ നിന്ന് ഇടികൊള്ളാന്‍ പോകുന്നത് നീ മാത്രമാണ്. നീ എന്തൊക്കെ ചെയ്താലും ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റില്ല. ഒരുകാര്യം വിട്ടുപോയി, ആളുകളുടെ കയ്യില്‍ നിന്ന് വാങ്ങിയ പൈസയൊക്കെ തിരിച്ചു കൊടുക്ക് റോബിന്‍, എന്നിട്ട് സംസാരിക്ക്' എന്നും വേദ കുറിച്ചു.



Post a Comment

0 Comments