ആക്രി പെട്ടിയിൽ പത്തര പവൻ! തിരികെ നൽകി അസീസ് മാതൃകയായി; സിനിമയെ വെല്ലും ക്ലൈമാക്സ്.

 

കോഴിക്കോട്∙ മോഷണം പോകാതിരിക്കാൻ ആരുമറിയാതെ അമ്മ പെട്ടിയിൽ സൂക്ഷിച്ച പത്തര പവന്റെ സ്വർണാഭരണം മകൾ ആക്രിക്കാരന് വിറ്റു. 12 ദിവസത്തിനു ശേഷം അമ്മ പെട്ടി തിരഞ്ഞപ്പോഴാണ് ആഭരണം അടങ്ങിയ പെട്ടി ആക്രിക്കാരൻ കൊണ്ടുപോയത് അറിയുന്നത്. 11 ലക്ഷത്തോളം രൂപ വരുന്ന സ്വർണ്ണം നഷ്ടപ്പെട്ട വേദനയിൽ കഴിയുമ്പോഴാണ് സിനിമയെ വെല്ലും കഥ.


കഴിഞ്ഞ മാസം 25 നാണ് സംഭവം. മലപ്പുറത്തു നിന്നു ആക്രി ശേഖരിക്കാൻ സ്ഥിരമായി കോഴിക്കോട് നഗരത്തിൽ എത്തുന്ന മലപ്പുറം മേൽമുറി സ്വദേശി യു.കെ.അനീസ് ചുങ്കത്തെ വീട്ടിൽ എത്തി. വിദേശത്ത് നിന്നെത്തിയ മകൾ രാധിക മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. അമ്മ രേവയുടെ അസാന്നിധ്യത്തിൽ പഴയ പെട്ടികളും കാർഡ് ബോർഡ് പെട്ടിയും ആക്രിക്കാരനു നൽകി. മുറ്റത്ത് ഉണ്ടായിരുന്ന പഴയ സ്കൂട്ടറും നൽകി.


ഇന്നലെ വീട്ടിൽ എത്തിയ രേവ സ്വർണം സൂക്ഷിച്ച പെട്ടി കാണാതെ വന്നതോടെയാണ് മകളോട് ചോദിച്ചു. പഴയ പെട്ടികൾ ആക്രിക്കാരന് കൊടുത്ത കാര്യം മകൾ പറഞ്ഞപ്പോഴാണ് അതിനുള്ളിലായിരുന്നു സ്വർണ്ണമെന്ന വിവരം മകളും അറിയുന്നത്. തുടർന്ന്, ആശങ്കയിലായ കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകി.


ആക്രി എടുത്ത ശേഷം അനീസ് നൽകിയ വിസിറ്റിംഗ് കാർഡാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്. കാർഡിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട പൊലീസ് അനീസിനോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. ശേഖരിച്ച ആക്രി മേൽമുറിയിലെത്തിച്ച് വേർതിരിക്കുന്നതിനിടെയാണ് പെട്ടിയിൽനിന്ന് ആഭരണം കിട്ടിയതെന്ന് അനീസ് പൊലീസിന് മൊഴി നൽകി.


 ആദ്യം മുക്കുപണ്ടമാണെന്ന് കരുതി മാറ്റിവെച്ചെങ്കിലും, ഭാര്യയെ കാണിച്ചപ്പോഴാണ് യഥാർഥ സ്വർണ്ണമാണെന്ന് തിരിച്ചറിഞ്ഞത്. ദിവസം നാൽപ്പതോളം വീടുകളിൽ കയറിയിറങ്ങുന്നതിനാൽ ഏത് വീട്ടിൽനിന്നാണ് ഇത് ലഭിച്ചതെന്ന് ഉറപ്പില്ലായിരുന്നു. താൻ നൽകിയ കാർഡ് വഴി ആരെങ്കിലും ബന്ധപ്പെടുമെന്ന പ്രതീക്ഷയിൽ സ്വർണ്ണം വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കുകയായിരുന്നുവെന്ന് അനീസ് വ്യക്തമാക്കി.


തുടർന്ന് നടക്കാവ് എസ്‌.ഐ ധനേഷ് കുമാർ, എസ്‌സിപിഒ കെ. രഞ്ജിത്ത് എന്നിവരും അനീസും ചേർന്ന് മലപ്പുറത്തെ വീട്ടിലെത്തി ആഭരണങ്ങൾ ഉടമസ്ഥർക്ക് കൈമാറി. ആക്രി ശേഖരിക്കുന്നതിനൊപ്പം ഫോൺ നമ്പർ അടങ്ങിയ കാർഡ് വിതരണം ചെയ്യുന്ന അനീസിന്റെ ശീലവും പൊലീസ് അഭിനന്ദിച്ചു. പൊലീസിന്റെ സമയോചിതമായ ഇടപെടലും ആക്രി വ്യാപാരിയായ അനീസിന്റെ സത്യസന്ധതയും ഒത്തുചേർന്നപ്പോൾ നഷ്ടപ്പെട്ടു എന്ന് കരുതിയ 11 ലക്ഷത്തോളം രൂപ വിലമതിക്കുന്ന പത്തര പവൻ സ്വർണ്ണമാണ് ആ കുടുംബത്തിന് തിരികെ ലഭിച്ചത്.



إرسال تعليق

0 تعليقات