ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂര്‍ണമായി ആലപിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണവുമായി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. വന്ദേമാതരം ആലാപനം പാതിവഴിയില്‍ നിര്‍ത്താന്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് ആവശ്യപ്പെട്ടുവെന്നാണ് ചിത്തോര്‍ഗഢില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെ അമിത് ഷാ ആരോപിച്ചത്. രാജ്യത്തെ ജനങ്ങള്‍ ഇത് ഒരിക്കലും ക്ഷമിക്കില്ലെന്നും കോണ്‍ഗ്രസ് ജനങ്ങളോടും വന്ദേമാതരം രചിച്ച ബാങ്കിംചന്ദ്ര ചതോപാധ്യായയോടും മാപ്പുപറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയമാണിതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. സ്വാതന്ത്ര്യസമരകാലത്ത് വന്ദേമാതരം ആലപിച്ചതിന്റെ പേരില്‍ നിരവധി പേര്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വെടിയേറ്റും ലാത്തിച്ചാര്‍ജിനും തടവിനും ഇരയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ബിജെപിയുടെ ആരോപണം കോണ്‍ഗ്രസ് തള്ളി. സോണിയ ഗാന്ധി വന്ദേമാതരം നിര്‍ത്താന്‍ ആവശ്യപ്പെട്ടതല്ലെന്നും, പരിപാടിക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ഒരു കസേര ഒരുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും കോണ്‍ഗ്രസ് വിശദീകരണം നല്‍കി. എന്നാല്‍,സോണിയ ഗാന്ധി പൂര്‍ണ്ണരൂപത്തിലുള്ള വന്ദേമാതരം ആലപിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെന്നും രാഹുല്‍ ഗാന്ധിയും അത് അവസാനിപ്പിക്കാനുള്ള സൂചന നല്‍കിയെന്നുമാണ് ബിജെപി നേതാവ് അമിത് മാളവ്യയുടെ ആരോപണം. കോണ്‍ഗ്രസ് ആസ്ഥാനത്തെ സ്വാതന്ത്ര്യദിന പരിപാടിയുടെ വീഡിയോയില്‍ വന്ദേമാതരം ആലപിക്കുന്നതിനിടെ സോണിയ ഗാന്ധിയും മറ്റ് മുതിര്‍ന്ന നേതാക്കളും തമ്മില്‍ സംസാരിക്കുകയും ചില ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തതാണ് വിവാദത്തിന് കാരണമായത്. വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതാണോ, അത് തടയാന്‍ ശ്രമമുണ്ടായോ എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് വഴിവച്ചത്. വന്ദേമാതരം ആലാപന വിവാദത്തില്‍ സോണിയാ ഗാന്ധിയ്‌ക്കെതിരെ ബിജെപി നേതാവ് നേരത്തെ പരാതി നൽകിയിരുന്നു. മംഗളുരുവിലെ ഉര്‍വ പൊലീസ് സ്റ്റേഷനില്‍ ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതി നല്‍കിയത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരത്തെ അപമാനിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. വന്ദേമാതരം ആലപിക്കുന്നതിന് ഇടയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം സംസാരിച്ചുകൊണ്ട് നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടെ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു കൊണ്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.


.gif)


0 تعليقات