വരുന്നു 'ഫിബോള്‍' !; കായിക രംഗത്ത് പുത്തന്‍ ഗെയിം പരിചയപ്പെടുത്തി മദ്രാസ് ഐഐടി

 

മൂന്ന് ടീമുകള്‍ തമ്മില്‍ മത്സരിക്കുന്ന നൂതനമായ 'ഫിബോള്‍'എന്ന കായിക ഇനം പരിചയപ്പെടുത്തി മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആചരിക്കുന്ന ദേശീയ കായിക ദിനത്തോടനുബന്ധിച്ചാണ് ഈ കായിക ഇനം അവതരിപ്പിച്ചത്. മത്സരാധിഷ്ഠിത ടീം കായിക ഇനങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കുന്നതാകും ഈ കായിക ഇനം എന്നാണ് മദ്രാസ് ഐഐടി അറിയിച്ചിരിക്കുന്നത്.

വൃത്താകൃതിയിലുള്ള കോര്‍ട്ടില്‍ മൂന്ന് ടീമുകള്‍ക്ക് ഒരേസമയം മത്സരിക്കാന്‍ കഴിയുന്നതാണ് ഈ കായിക വിനോദം എന്നതാണ് ഇതിന്റെ പ്രത്യകത. രണ്ട് ടീമുകള്‍ മാത്രം മത്സരിക്കുന്ന പരമ്പരാഗത 'ഇന്‍വേഷന്‍' കായിക ഇനങ്ങളില്‍ നിന്ന് ഇത് വ്യത്യസ്തമാണ്. ഓരോ ടീമും എതിരാളികളുടെ രണ്ട് ബാസ്‌കറ്റുകളെ ആക്രമിക്കുകയും അതേസമയം സ്വന്തം ബാസ്‌കറ്റിനെ പ്രതിരോധിക്കുകയും വേണം. ഇതിനായി കളിക്കാര്‍ ഒരേസമയം ഒന്നിലധികം എതിരാളികളെ നിരീക്ഷിക്കുകയും അതിനനുസരിച്ച് തങ്ങളുടെ തന്ത്രങ്ങള്‍ വേഗത്തില്‍ മാറ്റുകയും ചെയ്യേണ്ടതുണ്ട്. ഐഐടി മദ്രാസ് ഡീന്‍ (സ്റ്റുഡന്റ്‌സ്) പ്രൊഫസര്‍ സത്യനാരായണ എന്‍ ഗുംമാഡി, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, നഗരത്തിലെ കോളേജുകളില്‍ നിന്നുള്ള ടീമുകള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഓഗസ്റ്റ് 28-നാണ് ക്യാമ്പസില്‍ ഈ കായികവിനോദം ആരംഭിച്ചത്.കളിയുടെ നിയമങ്ങള്‍ അനുസരിച്ച്, ഓരോ ടീമിലും ഏഴ് രജിസ്റ്റര്‍ ചെയ്ത കളിക്കാരുണ്ടാകും. നാല് സജീവ കളിക്കാരും മൂന്ന് പകരക്കാരും എന്ന നിലയിലാണ് ക്രമം. 26 മീറ്റര്‍ വ്യാസമുള്ള വൃത്താകൃതിയിലുള്ള കോര്‍ട്ടിലാണ് ഈ കളി നടക്കുന്നത്. കോര്‍ട്ടിനെ 120 ഡിഗ്രി വീതമുള്ള മൂന്ന് തുല്യ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, കൂടാതെ കളിക്കളത്തിന് ചുറ്റുമായി മൂന്ന് ബാസ്‌കറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ മേഖലകളും കളിസ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ നാല് മീറ്റര്‍ വിസ്താരമുള്ള 'സെന്റര്‍ ഫ്രീ സോണ്‍' ഓരോ ബാസ്‌കറ്റിനും താഴെയുള്ള 'നോ-ഒഫെന്‍സ് സോണ്‍' എന്നിവയും ഉള്‍പ്പെടുന്നു.

കളിയുടെ പ്രധാനപ്പെട്ട ഒരു വശമാണ് പ്രതിരോധ ബാസ്‌കറ്റിന്റെ ക്ലോക്ക് വൈസ് ദിശയിലുള്ള മാറ്റം. ഓരോ ക്വാര്‍ട്ടറിനുശേഷവും ടീമുകള്‍ തങ്ങള്‍ പ്രതിരോധിക്കുന്ന ബാസ്‌കറ്റ് മാറ്റുന്നു. ഇത് മത്സരത്തിലുടനീളം വ്യത്യസ്തമായ ആക്രമണ-പ്രതിരോധ സാഹചര്യങ്ങളെ നേരിടാന്‍ കളിക്കാരെ പ്രാപ്തരാക്കുന്നു. എട്ട് മിനിറ്റ് വീതമുള്ള മൂന്ന് ക്വാര്‍ട്ടറുകള്‍ ചേര്‍ന്നതാണ് മത്സരം. ക്വാര്‍ട്ടറുകള്‍ക്കിടയില്‍ മൂന്ന് മിനിറ്റ് ഇടവേളയും ഉണ്ടായിരിക്കും. പുതിയതായി പന്ത് കൈവശം ലഭിക്കുമ്പോള്‍ 24 സെക്കന്‍ഡ് 'ഷോട്ട് ക്ലോക്ക്' ബാധകമാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത് 14 സെക്കന്‍ഡായി പുനഃക്രമീകരിക്കുകയും ചെയ്യും.തങ്ങളുടെ സ്ഥാപനം സാങ്കേതികവിദ്യയില്‍ മാത്രമല്ല, കായികരംഗത്തും നൂതനമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നാണ് ഐഐടി മദ്രാസ് ഡയറക്ടര്‍ വി കാമകോട്ടി പറഞ്ഞത്. 'കൃത്യത, സമയോചിതമായ ഇടപെടല്‍, ടീം വര്‍ക്ക്, മികച്ച ശാരീരികക്ഷമത എന്നിവയെല്ലാം ഈ കളിയില്‍ വിജയിക്കാന്‍ ആവശ്യമാണ്. ഇവയെല്ലാം സന്തോഷകരമായ ജീവിതത്തിനും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടീം വര്‍ക്ക്, വേഗത, ആശയവിനിമയം, തന്ത്രപരമായ തീരുമാനമെടുക്കല്‍, നീതിബോധം, സുരക്ഷ എന്നീ അടിസ്ഥാന മൂല്യങ്ങളെ മുന്‍നിര്‍ത്തിയാണ് 'ഫിബോള്‍' വികസിപ്പിച്ചതെന്ന് പ്രൊഫസര്‍ സത്യനാരായണ എന്‍ ഗുംമാഡിയും വ്യക്തമാക്കി.


إرسال تعليق

0 تعليقات